Flash News

കോട്ടയത്ത് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ടു ദിവസം ഓറഞ്ച് അലേര്‍ട്ട്, ജാഗ്രത നിര്‍ദ്ദേശം

കോട്ടയത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി ജില്ലാ ഭരണകൂടം. ഒക്ടോബര്‍ 20, 21 തീയതികളില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ ഡോ. പി കെ ജയശ്രീ അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. 24 മണിക്കൂറില്‍ 115.6 മുതല്‍ 204.4 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുന്നതിനെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഒക്ടോബര്‍ 19, 22, 23 തീയതികളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 മില്ലീമീറ്റര്‍ വരെയുള്ള മഴയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. മഴ തുടരുന്നതിനാല്‍ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യം ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാനുള്ള സാധ്യതയുണ്ട്. പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ജില്ല കളക്ടര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ രാത്രി യാത്രയില്‍ ഉള്‍പ്പെടെ ജാഗ്രത പാലിക്കണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കുക. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും അപകടം ഉണ്ടാകാനിടയുള്ളതിനാല്‍ അതീവ ജാഗ്രത വേണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

Comments: 0

Your email address will not be published. Required fields are marked with *