ചോക്ലേറ്റിൽ പൊതിഞ്ഞ സിക്കാഡകൾ ചൂടപ്പം പോലെയാണ് ഇവിടെ വിറ്റഴിയുന്നത്

മുട്ട വിരിഞ്ഞു പതിനേഴു വർഷത്തോളം ഭൂമിയുടെ അടിയിൽ പുഴു രൂപത്തിൽ ജീവിക്കുന്ന ഒരു ജീവിയാണ് സിക്കാഡ. നീണ്ട പതിനേഴു വർഷങ്ങൾക്ക് ശേഷം നിംഫ് രൂപത്തിൽ പുറത്തു വരുന്ന ഇവയ്ക്ക് ചിത്രശലഭങ്ങളിൽ സംഭവിക്കുന്നത് പോലെ മാറ്റങ്ങൾ വരികയും പുറംതോട് ഉപേക്ഷിച്ച് പുതുതായി ഉണ്ടായി വന്ന ചിറകുകൾ വീശി പറന്നു പോവുകയും ചെയ്യുന്നു. ഇവയുടെ തോടുകൾ മരങ്ങളുടെ തൊലിയിൽ പറ്റിപിടിച്ചിരിക്കും. പുറമേ നിന്ന് നോക്കുമ്പോൾ ജീവനുള്ള ഒരു ഷഡ്പദത്തെപ്പോലെ ഇവ തോന്നിക്കും. മേരിലാൻഡിലെ ഒരു ചോക്ലേറ്റ് കടയിൽ ഇപ്പോൾ വലിയ തിരക്കാണ്. എല്ലാവർക്കും വേണ്ടത് ചോക്ലേറ്റിൽ പൊതിഞ്ഞ സിക്കാഡകളെ. 2004 ന് ശേഷം ആദ്യമായി ഈ വസന്തകാലത്ത് ബ്രൂഡ് എക്സ് (സിക്കാഡയിലെ ഒരു വിഭാഗം) പ്രത്യക്ഷപ്പെട്ടപ്പോൾ മുതലാണ് ബെത്‌സെഡയിലെ ഷൗക്വെറ്റ് ചോക്ലേറ്റിലെ സാറാ ഡ്വെയർ സിക്കാഡകളെ ചോക്ലേറ്റിൽ പൊതിഞ്ഞ് വിൽക്കാൻ തുടങ്ങിയത്.

“സിക്കാഡകൾ രുചികരമാണ്”, സാറാ ഡ്വെയർ പറഞ്ഞു. “നിങ്ങൾ ചോക്ലേറ്റ്, കറുവപ്പട്ട, പിന്നെ സിക്കാഡകൾ എന്നിവ സംയോജിപ്പിക്കുമ്പോൾ, നടപ്പാതയിലൂടെ അണ്ടിപ്പരിപ്പ് കൊറിച്ചുകൊണ്ടിരിക്കുന്ന അനുഭൂതിയാണ് തോന്നുക. കറുവപ്പട്ട മണം ശരിക്കും അതിന്റെ രുചിയെ പോഷിപ്പിക്കും”, അവർ പറഞ്ഞു. ഡ്വയറും ജോലിക്കാരും അവരുടെ ചോക്ലേറ്റ് കടയ്ക്ക് പിന്നിലുള്ള മരങ്ങളിൽ നിന്നാണ് സിക്കാഡകളെ ശേഖരിക്കുന്നത്. ശേഖരിച്ച സികാഡകളെ ഒരു പേപ്പർ ബാഗിലാക്കി ഫ്രീസറിൽ സൂക്ഷിക്കുന്നു. ശേഷം അവയെ തിളപ്പിച്ച് ഒരു എയർ ഫ്രയറിലൂടെ വറുത്തെടുക്കുന്നു. സിക്കാഡകളെ വറുത്തുകഴിഞ്ഞാൽ, അവയുടെ മേൽ കറുവപ്പട്ട തളിച്ച് ചോക്ലേറ്റിൽ പൊതിഞ്ഞെടുക്കുന്നു. പാരീസിലെ പേസ്ട്രി സ്കൂളിൽ നിന്നാണ് താൻ ഡിപ്പിംഗ് രീതികൾ പഠിച്ചതെന്നും 2038 ആവുമ്പോൾ ആളുകൾ പ്രാണികളെ കഴിക്കുന്നതിനെക്കുറിച്ച് രണ്ടുതവണ ചിന്തിക്കില്ലെന്ന് താൻ കരുതുന്നുവെന്നും ഡ്വെയർ പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *