തെറ്റിന് സംരക്ഷണം നൽകുന്ന പാർട്ടിയല്ല സിപിഎം: സ്വർണ്ണക്കടത്ത് വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി

സ്വർണ്ണക്കടത്ത് വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റിന് സംരക്ഷണം നൽകുന്ന പാർട്ടിയല്ല സിപിഎം. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കർശനന നടപടി എടുക്കുമെന്നും ഒരു ക്രിമിനൽ നടപടിയെയും പിന്തുണയ്ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമൂഹത്തിൽ തെറ്റായ ചില കാര്യങ്ങൾ നടക്കാറുണ്ട്. അത്തരം കാര്യങ്ങളോട് വളരെ കൃത്യതയാർന്ന സമീപനമാണ് സർക്കാർ സ്വീകരിച്ച് പോന്നത്. ഒരു ക്രിമിനിൽ ആക്ടിവിറ്റിയും സംരക്ഷിച്ചു പോരുന്ന നിലപാട് സർക്കാരിനില്ല. തെറ്റു ചെയ്തിട്ടുണ്ടോ, കുറ്റം ചെയ്തിട്ടുണ്ടോ. ആ കുറ്റത്തിൻ്റെ ഗൗരവത്തിന് അനുസരിച്ച നടപടി സർക്കാരിൽ നിന്നുണ്ടാവും.

ഫലപ്രദമായി അങ്ങനെ ചെയ്തിട്ടുണ്ട് ഇതുവരെ. ചില കാര്യങ്ങളിൽ സ‍ർക്കാരിന് ഫലപ്രദമായി ഇടപെടാൻ തടസമുണ്ട്. അതു ബന്ധപ്പെട്ട ഏജൻസികൾ ചെയ്യേണ്ടതാണ്. നമ്മുടെ സംസ്ഥാനത്ത് പലയിടത്തും സംഘടിതമായ കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ട്. അത്തരം കുറ്റകൃത്യങ്ങളെ ഫലപ്രദമായി നേരിടാൻ നിയമപരമായി എന്ത് ചെയ്യാനാവും എന്ന് നോക്കേണ്ട അവസ്ഥയായി. അവ‍ർക്കെതിരെ ശക്തമായ നിലപാടാണ് എല്ലാക്കാലത്തും നമ്മൾ സ്വീകരിച്ചിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.

സിപിഎം എന്ന പാർട്ടിയുടെ സമീപനം ഇത്തരം വിഷയങ്ങളിൽ എന്തായിരുന്നു എന്നു നോക്കണം. സിപിഎം എന്ന പാർട്ടിയിൽ ലക്ഷക്കണക്കിന് ജനങ്ങൾ അണിനിരന്നിട്ടുണ്ട്. അതിൽ പല തരക്കാർ ഉണ്ടാവും. ഒരു തെറ്റിനൊപ്പം നിൽക്കുന്ന പാർട്ടിയല്ല സിപിഎം. പാർട്ടിക്ക് വേണ്ടി എന്തുസേവനം ചെയ്താലും പാർട്ടി നയത്തിന് വിരുദ്ധമായി ആരെങ്കിലും പെരുമാറിയാൽ ആ തെറ്റിന് അനുസരിച്ചുള്ള നടപടികളിലേക്ക് സിപിഎം കടക്കും. ആ നിലയിൽ പലരേയും പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടുണ്ട്. ഇതാദ്യമായല്ല നിങ്ങൾ കേൾക്കുന്നത്. സിപിഎം എന്ന പാർട്ടിയിൽ നിന്നുകൊണ്ട് ആരെങ്കിലും തെറ്റ് ചെയ്താൽ ആ തെറ്റിനും തെറ്റുകാരനും സിപിഎം പിന്തുണ കൊടുക്കില്ല. സമൂഹത്തെ മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന പാർട്ടി അതിന് വിരുദ്ധമായി പ്രവർത്തിക്കുന്നവരെ തുണയ്ക്കില്ല. അതാണ് ദീർഘകാലമായി പാർട്ടിയുടെ നിലപാട്. അക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *