ഹൈപ്പോതൈറോയ്ഡിസം നിയന്ത്രിക്കാം; ഭക്ഷണ ക്രമത്തിൽ നിന്ന് ഇവ ഒഴിവാക്കുക

ശരീരത്തിന് ആവശ്യമായ തൈറോയിഡ് ഹോര്‍മോണ്‍ ഉത്‌പാദിപ്പിക്കാനാവാത്ത അവസ്ഥയാണ് ഹൈപ്പോതൈറോയ്‌ഡിസം എന്ന് അറിയപ്പെടുന്നത്. ശരീരത്തിലെ കോശങ്ങളുടെ വളര്‍ച്ചയ്ക്കും തകരാറുകള്‍ പരിഹരിക്കാനും മെറ്റബോളിസം കൃത്യമാക്കാനും ഈ ഹോര്‍മോണ്‍ സഹായിക്കുന്നു. കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ ക്ഷീണം, മുടികൊഴിച്ചില്‍, ഭാരം കൂടുക, എല്ലുകളുടെ ബലക്കുറവ്, കാലിന് നീരുകെട്ടുക തുടങ്ങി പല പ്രശ്നങ്ങളും ഉണ്ടാകുന്നു. പുരുഷന്‍മാരെ അപേക്ഷിച്ച്‌ സ്ത്രീകളാണ് ഈ പ്രശ്നത്തിന്റെ ഇരകള്‍.

എന്നാല്‍, ഹൈപ്പോതൈറോയ്ഡിസം ഭക്ഷണത്തിലൂടെ ഒരുപരിധി വരെ നിയന്ത്രിക്കാം എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇതിനായി ഡയറ്റില്‍ നിന്നും ചില ഭക്ഷണങ്ങള്‍ ഒഴിവാക്കാം. സോയാബീന്‍സ് ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാകും നല്ലത്. കാരണം സോയ പോലുള്ള ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുന്ന സ്ത്രീകളിലാണ് ഹൈപ്പോതൈറോയ്ഡിസം ഇന്ന് കൂടുതലും കണ്ട് വരുന്നത് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അയഡിന്റെ കുറവുമൂലം ചിലപ്പോള്‍ തൈറോയിഡ് രോഗങ്ങള്‍ വരാം. അതിനാല്‍ പലരും അയഡിന്‍ ചേര്‍ന്ന ഉപ്പ് അധികമായി ഭക്ഷണത്തില്‍ ഉപയോഗിക്കുന്നു.

ഇത്തരത്തില്‍ അമിതമായ അയഡിന്റെ ഉപയോഗവും തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം അവതാളത്തിലാക്കും. അതിനാല്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം അയഡിന്റെ ഉപയോഗം ക്രമപ്പെടുത്തുക. കാബേജ്, കോളിഫ്‌ളവര്‍ , ബ്രൊക്കോളി എന്നീ പച്ചക്കറികള്‍ അമിതമായി കഴിക്കുന്നതും തൈറോയ്ഡ് ഹോര്‍മോണിന്റെ ഉത്പാദനത്തെ ബാധിക്കാം. അതിനാല്‍ ഇവയുടെ ഉപയോഗവും ഡയറ്റില്‍ നിന്നും പരമാവധി ഒഴിവാക്കുകയാണ് നല്ലത്. കോഫി കുടിക്കുന്ന ശീലവും ഉപേക്ഷിക്കുകയാണ് വേണ്ടത്. കഫൈന്‍ അധികമായാല്‍ അത് തൈറോയ്ഡ് ഹോര്‍മോണിന്റെ ഉത്പാദനത്തെ പല രീതിയില്‍ ബാധിക്കാം.

Comments: 0

Your email address will not be published. Required fields are marked with *