123 ദിവസം കൈവിലങ്ങ് ധരിച്ച് ദമ്പതികൾ

ബന്ധങ്ങൾ നിലനിർത്താൻ പല മാർഗ്ഗങ്ങളും ആൾക്കാർ സ്വീകരിക്കാറുണ്ട്. എന്നാൽ ഉക്രേനിയക്കാരായ അലക്സാണ്ടർ കുഡ്‌ലേയും വിക്ടോറിയ പുസ്തോവിറ്റോവയും സ്വീകരിച്ചത് ഏറ്റവും രസകരമായ മാർഗ്ഗമായിരുന്നു. ഇരുവരും എപ്പോഴും ഒരുമിച്ചുണ്ടാവാനും ഒരിക്കലും പിരിയാതിരിക്കാനും അവർ കൈവിലങ്ങുകൾ ധരിക്കുകയായിരുന്നു. എന്നാൽ നീണ്ട 123 ദിവസത്തെ പരീക്ഷണത്തിനു ശേഷം ദമ്പതികൾ പിരിഞ്ഞിരിക്കുകയാണ്. ഉക്രേനിയയിലെ കിഴക്കൻ നഗരമായ ഖാർകിവിൽ നിന്നുള്ള യുവ ദമ്പതികളായ അലക്സാണ്ടർ കുഡ്‌ലേയും വിക്ടോറിയ പുസ്റ്തോവിറ്റോവയും വാലന്റൈൻസ് ദിനത്തിൽ തങ്ങളെത്തന്നെ പരീക്ഷണ വസ്തുവാക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ 123 ദിവസം കൈവിലങ്ങു ധരിച്ച് കൈകോർത്ത് ജീവിച്ചതിനുശേഷം അവർ വേർപിരിഞ്ഞു.

പരീക്ഷണം പല അസുഖകരമായ സത്യങ്ങളും പുറത്തു കാട്ടി എന്ന് അവർ നാഷണൽ ടിവിയോട് പറഞ്ഞു
ഈ കാലയളവിൽ അവർ നടത്തിയ പരീക്ഷണം ഒരു ഡോക്യുമെന്ററി പോലെ സോഷ്യൽ മീഡിയയിൽ രേഖപ്പെടുത്തിയിരുന്നു. പരീക്ഷണത്തിലുടനീളം കടയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നത് മുതൽ സിഗരറ്റ് വലിക്കുന്നത് വരെ അവർ പരസ്പരം പങ്കുവച്ചാണ് ചെയ്തത്. കുളിക്കുന്നതും പ്രാഥമിക കാര്യങ്ങൾ നിറവേറ്റുന്നതും ഊഴത്തിനനുസരിച്ച് ചെയ്തു. കൈവിലങ്ങ് ധരിക്കുക എന്ന ആശയത്തെ തുടക്കത്തിൽ എതിർത്ത പുസ്റ്തോവിറ്റോവയാണ് കണ്ണുനീർ വാർത്തു കൊണ്ട് വേർപിരിയലിനെക്കുറിച്ച് ലോകത്തോട് പറഞ്ഞത്. “ഞങ്ങൾ ചെയ്ത കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇത് മറ്റ് ഉക്രേനിയൻ ദമ്പതികൾക്കും വിദേശത്തുള്ള ദമ്പതികൾക്കും ഒരു നല്ല പാഠമാകുമെന്ന് ഞാൻ കരുതുന്നു,” അവർ കെയ്‌വിൽ നടത്തിയ അഭിമുഖത്തിൽ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

ഈ പരീക്ഷണത്തിലൂടെ തനിക്ക് തന്റേതായുള്ള ഇടവും സമയവുമാണ് നഷ്ടപ്പെട്ടതെന്ന് പുസ്തോവിറ്റോവ പറഞ്ഞു. തന്റെ കാമുകന്റെ ഭാഗത്തുനിന്നും തനിക്ക് വേണ്ടത്ര ശ്രദ്ധയും ലഭിച്ചിരുന്നില്ല എന്നും അവർ പറഞ്ഞു. “ഞങ്ങൾ ദിവസം മുഴുവൻ ഒരുമിച്ചു താമസിച്ചു, ഞങ്ങൾ നിരന്തരം ഒരുമിച്ചായിരുന്നതിനാൽ എനിക്ക് അലക്സാണ്ടറിൽ നിന്ന് ഒരു ശ്രദ്ധയും ലഭിച്ചില്ല. അദ്ദേഹം എന്നോട് ഒരിക്കൽപോലും ‘ഐ മിസ് യു’ എന്ന് പറഞ്ഞില്ല. ഞാൻ അത് കേൾക്കാൻ ആഗ്രഹിക്കുന്നു,” അവർ കൂട്ടിച്ചേർത്തു. ബന്ധം നിലനിർത്താനായി ഇത്തരത്തിലുള്ള പരീക്ഷണത്തിൽ ഏർപ്പെട്ടതിൽ ഖേദമില്ലെന്ന് കുഡ്‌ലെ പറഞ്ഞു. ഇരുവരും സമാന ചിന്താഗതിക്കാരല്ലെന്ന് മനസ്സിലാക്കാൻ കൈവിലങ്ങുകൾ സഹായിച്ചതായും അദ്ദേഹം പറഞ്ഞു.

ഒരു ഓൺലൈൻ ലേലത്തിൽ കൈവിലങ്ങുകൾ വിൽക്കാനും പണത്തിന്റെ ഒരു ഭാഗം ചാരിറ്റിക്ക് സംഭാവന ചെയ്യാനും ദമ്പതികൾ പദ്ധതിയിടുന്നുണ്ട്. ഉക്രേനിയൻ ടിവി ന്യൂസ് ചാനലുകളുടെയും ഉക്രേനിയൻ റെക്കോർഡ് പ്രതിനിധിയുടെയും മുന്നിൽ വച്ചാണ് അവർ കൈവിലങ്ങ് നീക്കം ചെയ്തത്. ലോകത്തിലെ ഒരു ദമ്പതികളും സമാനമായ നേട്ടം കൈവരിച്ചിട്ടില്ലെന്ന് ഉക്രേനിയൻ റെക്കോർഡ് പ്രതിനിധി പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *