കൊവിഡ് – 19 വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് വാട്ട്സാപ്പില്‍ ഡൗണ്‍ലോഡ് ചെയ്യാം ഇങ്ങനെ

കൊവിഡ് – 19 2020 മാര്‍ച്ച് മുതല്‍ നമ്മുടെയെല്ലാം ജീവിതങ്ങളെ തന്നെ മാറ്റി മറിക്കുകയാണ്. ഈ മഹാവ്യാധിക്ക് എതിരായ നമ്മുടെ പോരാട്ടം വാക്സിന്‍ ലഭ്യമായി തുടങ്ങിയതോടെ കൂടുതല്‍ ഊര്‍ജ്ജിതമായിട്ടുണ്ട്. ഇതിനോടകം തന്നെ പലരും വാക്സിന്റെ ഒരു ഡോസ് എങ്കിലും എടുത്തിട്ടുണ്ടാകും. ഇതുവരെ വാക്സിന്‍ എടുത്തിട്ടില്ലാത്തവര്‍ തീര്‍ച്ചയായും ആദ്യ ഡോസ് എങ്കിലും വൈകാതെ എടുക്കേണ്ടതായുണ്ട്.

പൊതുസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇപ്പോള്‍ അനിവാര്യമാണ്. അതുകൊണ്ട് തന്നെ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതായുണ്ട്. പല മാര്‍ഗ്ഗങ്ങളിലൂടെ കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. വാട്ട്സാപ്പ് വഴി കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഈ നിര്‍ദ്ദേശങ്ങള്‍ പിന്തുടരുക.

1 – നിങ്ങളുടെ മൊബൈലില്‍ മൈ ഗവണ്‍മെന്റ് കൊറോണ ഹെല്‍പ്പ് ഡെസ്കിന്റെ വാട്ട്സാപ്പ് നമ്പര്‍ ആയ +91 9013151515 സേവ് ചെയ്യുക.

2 – വാട്ട്സാപ്പില്‍ മുകളില്‍ പറയുന്ന നമ്പറിന്റെ ചാറ്റ് ബോക്സ് തെരഞ്ഞെടുക്കുക.

3 – ‘download certificate’ എന്ന് മെസ്സേജ് അയയ്ക്കുക.

4 – വാട്ട്സാപ്പ് നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒരു ഒ.ടി.പി അയയ്ക്കും.

5 – ലഭിക്കുന്ന ഒ.ടി.പി നമ്പര്‍ മൈ ഗവണ്‍മെന്റിന്റെ ചാറ്റ് ബോക്സില്‍ അയയ്ക്കുക.

6 – ഒന്നില്‍ അധികം വ്യക്തികള്‍ ആ നമ്പറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍, ആരുടെ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യണം എന്നത് തെരഞ്ഞെടുക്കാന്‍ കഴിയും.

7 – ഏത് സര്‍ട്ടിഫിക്കറ്റ് ആണ് ആവശ്യം എന്നത് തെരഞ്ഞെടുക്കുക.

8 – കൊവിഡ് – 19 വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിങ്ങള്‍ക്ക് വാട്ട്സാപ്പ് ചാറ്റ് ബോക്സില്‍ ലഭിക്കും.

9 – സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് ആവശ്യാനുസരണം പ്രിന്റ് എടുത്ത് സൂക്ഷിക്കാം.

ഇതുകൂടാതെ, വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കൊവിന്‍ ആപ്ലിക്കേഷന്‍, ആരോഗ്യ സേതു ആപ്ലിക്കേഷന്‍ എന്നിവിടങ്ങളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

അപരിചിതരായ വ്യക്തികള്‍ക്കോ, സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകളിലോ വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയിരിക്കുന്ന കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പങ്കുവെക്കാതിരിക്കുക.

Comments: 0

Your email address will not be published. Required fields are marked with *