സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; സ്‌കൂളുകള്‍ അടയ്ക്കും, ഒന്‍പതാം ക്ലാസ് വരെ ഓണ്‍ലൈന്‍ മാത്രം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. ഒന്നുമുതല്‍ ഒന്‍പതാംക്ലാസ് വരെ അടച്ചിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു. ഒന്‍പതാം ക്ലാസ് വരെ ഇനി ഓണ്‍ലൈന്‍ ക്ലാസ് മാത്രമാണ് ഉണ്ടാവുക.

സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികള്‍ 13000 കടന്നിരിക്കുകയാണ്. ടിപിആര്‍ 20ന് മുകളിലാണ്. ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണം കടുപ്പിക്കാന്‍ തീരുമാനിച്ചത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ രോഗവ്യാപനം ഉണ്ടാവാതിരിക്കാനാണ് ഒന്‍പതാം ക്ലാസ് വരെ അടച്ചിടാന്‍ തീരുമാനിച്ചത്. 21 മുതലാണ് സ്‌കൂളുകള്‍ അടച്ചിടുക.

അതേസമയം രാത്രി കര്‍ഫ്യൂവും വാരാന്ത്യ ലോക്ക്ഡൗണും ഇപ്പോള്‍ വേണ്ടെന്നാണ് യോഗം തീരുമാനിച്ചത്. അടുത്ത ആഴ്ച ചേരുന്ന യോഗത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമോ എന്ന കാര്യം തീരുമാനിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മാളുകളില്‍ പ്രവേശിക്കുന്നവരുടെ എണ്ണം നിയന്ത്രിക്കും. 25 സക്വയര്‍ ഫീറ്റിന് ഒരാള്‍ എന്ന നിലയില്‍ പ്രവേശനം നിയന്ത്രിക്കാനാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലെ തീരുമാനം.

സര്‍ക്കാര്‍ പരിപാടികള്‍ പരമാവധി ഓണ്‍ലൈനില്‍ ആക്കാന്‍ യോഗം നിര്‍ദേശിച്ചു. കോവിഡ് വ്യാപനം ശ്രദ്ധയില്‍ പെട്ടാല്‍ ഏതു സ്ഥാപനവും അടയ്ക്കാം. ഇക്കാര്യത്തില്‍ സ്ഥാപന മേധാവികള്‍ക്കു തീരുമാനമെടുക്കാം. ഗര്‍ഭിണികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ന് മുകളിലുള്ള ജില്ലകളില്‍ പൊതു പരിപാടികളില്‍ 50 പേരെ മാത്രമേ അനുവദിക്കൂ. ടിപിആര്‍ 30ന് മുകളില്‍ ആണെങ്കില്‍ പൊതുപരിപാടികള്‍ക്ക് അനുമതി നല്‍കില്ല.

Comments: 0

Your email address will not be published. Required fields are marked with *