ദിവസവും അല്‍പ്പ സമയം കൃഷി ശീലമാക്കണം: മന്ത്രി പി. പ്രസാദ്

ദിവസവും അല്‍പ്പ സമയം കൃഷിക്കായി മാറ്റിവയ്ക്കുന്നതു മലയാളി ശീലമാക്കണമെന്നു കൃഷി മന്ത്രി പി. പ്രസാദ്. വീട്ടിലായാലും ഓഫിസിലായാലും മണ്ണും കൃഷിയും ജീവിതചര്യയുടെ ഭാഗമാക്കാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു. ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി കളക്ടറേറ്റിലെ ജീവനക്കാര്‍ ആരംഭിച്ച പച്ചക്കറി കൃഷി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിഷ രഹിത ഭക്ഷണം എല്ലാവരുടേയും അവകാശമാണ്. ഇത് ഉറപ്പാക്കുന്നതിനാണു പച്ചക്കറി ഉത്പാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതി ഇതിന്റെ ഭാഗമാണ്. ആരോഗ്യത്തിന്റെ വിലയെന്തെന്നു നാം തിരിച്ചറിഞ്ഞ സമയമാണ് ഈ കൊവിഡ് കാലം. ശരീരം ആരോഗ്യപൂര്‍ണമാകുന്നതിന് മായവും വിഷവും കലരാത്ത ഭക്ഷണം വേണം. അതിന് മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം ദൃഢമാകണം. ആരോഗ്യത്തിനു വലിയ പ്രാധാന്യം നല്‍കുന്ന ഒരു സമൂഹം, വിഷം കലര്‍ന്ന ഭക്ഷണം ഇനി കഴിക്കില്ല എന്നു ദൃഢപ്രതിജ്ഞയെടുക്കണം. ആവശ്യമായ മുഴുവന്‍ പച്ചക്കറിയും പൂര്‍ണ അളവില്‍ ഇവിടെ ഉത്പാദിപ്പിക്കാം എന്നതു പ്രാപ്യമല്ല. കഴിയുന്നത്രയും ഇനങ്ങള്‍ സ്വന്തമായി ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ ആരോഗ്യമാകുന്ന സമ്പത്തിന് അതു വലിയ മുതല്‍ക്കൂട്ടാകുമെന്നും മന്ത്രി പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *