Flash News

അമേരിക്കയിലും ഉണ്ട് ഒരു കുറുപ്പ് …; ഡിബി കൂപ്പര്‍ എന്ന അമേരിക്കയിലെ സുകുമാര കുറുപ്പിന്റെ കഥ ഇങ്ങനെ

ദുൽഖർ നായകനായ കുറുപ്പ് എന്ന സിനിമയോടെ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പും ചാക്കോ വധക്കേസുമെല്ലാം വീണ്ടും ചർച്ചാ വിഷയമായി. അതേസമയം സമാനമായി അമേരിക്കൻ പൊലീസിന് തലവേദനയായ പിടികിട്ടാപ്പുള്ളിയുടെ കഥയറിയാം. പൊലീസിനും എഫ്ബിഐയ്ക്കും ഒരു തുമ്പും നൽകാതെ ഡിബി കൂപ്പർ എന്ന പിടികിട്ടാപ്പുള്ളി കാണാമറയത്തായിട്ട് അമ്പത് വർഷം കഴിഞ്ഞു. ഇയാൾ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നുപോലും തീർച്ചയില്ല.

1971 നവംബര്‍ 24 നാണ് സംഭവം നടക്കുന്നത്. പോർട്ട്‌ ലാൻഡ്ലെ അന്താരാഷ്ട്ര വിമാനതാവളത്തില്‍ നിന്നും സിയാറ്റിലേക്ക് പോകാനുള്ള നോർത്ത് വെസ്റ്റ് ഓറിയന്റഡ് എയർലൈൻസിന്റെ വിമാനത്തിലാണ് ഡിബി കൂപ്പർ സഞ്ചാരിയായി എത്തുന്നത്. കയ്യിൽ സ്യൂട്ട്കെയ്സ്, കറുത്ത സ്യൂട്ട്, ടൈ, കണ്ണില്‍ ഒരു കുളിംഗ് ഗ്ലാസ് ഇത്രയും ധരിച്ച് ഒരു ബിസിനസുകാരന്‍റെ ലുക്കായിരുന്നു ഇദ്ദേഹത്തിന്.വിമാനം ഉയര്‍ന്നു പൊങ്ങി, ഒരു എയര്‍ഹോസ്റ്റസിനെ വിളിച്ച് ഡിബി കൂപ്പര്‍ ഒരു പേനയും കടലാസും ആവശ്യപ്പെട്ടു. അതില്‍ അയാള്‍ എഴുതിയ ശേഷം എയര്‍ ഹോസ്റ്റസിന് മടക്കി നല്‍കി വായിച്ചുനോക്കാന്‍ പറഞ്ഞു. പിന്നീട് വിമാനത്തിന്‍റെ മുഖ്യപൈലറ്റിനെ കാണിക്കാനും.

കടലാസില്‍ എഴുതിയത് ഇതായിരുന്നു- “എനിക്ക് ചില ആവശ്യങ്ങളുണ്ട് അത് നേടിയാല്‍ പോകും, ആരെയും ഉപദ്രവിക്കില്ല. എന്‍റെ കൈയ്യിലെ പെട്ടിയില്‍ ഉഗ്രശേഷിയുള്ള ഒരു ബോംബാണ് ഇത് വിമാനത്തെ തകര്‍ക്കും” പക്ഷെ ഈ കുറിപ്പ് വിമാനത്തിന്‍റെ മുഖ്യ ക്യാപ്റ്റന്‍ വിശ്വസിച്ചില്ല. അയാള്‍ കുറിപ്പുമായി ഡിബി കൂപ്പറെ കാണാന്‍ എത്തി. നിങ്ങളെ വിശ്വസിക്കുന്നില്ല, പെട്ടി തുറന്ന് കാണിക്കണം ക്യാപ്റ്റന്‍ പറഞ്ഞു. ഒരു ഭാവ വ്യത്യാസവും ഇല്ലാതെ അയാള്‍ പെട്ടി തുറന്നു. സിലണ്ടറുകള്‍ എന്ന് തോന്നിപ്പിക്കുന്ന രണ്ട് ചുവന്ന രൂപങ്ങള്‍ വയറുകളാല്‍ ഘടിപ്പിച്ച് പെട്ടിയില്‍ കിടക്കുന്നു. ക്യാപ്റ്റന് ഉറപ്പായി അത് ബോംബ് തന്നെ.വിമാനത്തില്‍ 42 പേരും പൈലറ്റുമാര്‍ അടക്കം 6 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.

പൈലറ്റ് ഉടൻ തന്നെ സിയാറ്റില്‍ വിമാനതാവളത്തില്‍ കാര്യം അറിയിച്ചു. അങ്ങനെ സിയാറ്റില്‍ വിമാനതാവളത്തില്‍ വിമാനം ഇറങ്ങി. വിമാനം സുരക്ഷ സൈനികര്‍ വളഞ്ഞിരുന്നു. എന്തെങ്കിലും തരത്തില്‍ ഡിബി കൂപ്പറുടെ തലവെട്ടം കണ്ടാല്‍ വെടിവച്ച് വീഴ്ത്താന്‍ സ്നൈപ്പര്‍മാര്‍ അടക്കം തയ്യാറായിരുന്നു. 2 മില്ല്യണ്‍ യുഎസ് ഡോളര്‍, ഒരു ആര്‍മി പാരച്യൂട്ട് എന്നിവയായിരുന്നു കൂപ്പര്‍ ആവശ്യപ്പെട്ടത്. പണം നല്‍കാമെന്ന് അധികാരികള്‍ സമ്മതിച്ചു. പണം വാങ്ങാന്‍ വിമാനത്തിന്‍റെ വാതിലില്‍ ഇയാള്‍ പ്രത്യക്ഷപ്പെട്ടാല്‍ ഉടന്‍ വെടിവച്ചു വീഴ്ത്താനായിരുന്നു സുരക്ഷ സേനയുടെ പദ്ധതി. എന്നാല്‍ ഇത്തരം സാധ്യത റാഞ്ചിയായ കൂപ്പര്‍ മനസില്‍ കണ്ടിരുന്നു. അയാള്‍ ഒരു പൈലറ്റിന്‍റെ വസ്ത്രം അഴിച്ചു വാങ്ങി. അതുമിട്ട് വിമാനത്തിന്‍റെ വാതില്‍ തുറന്നു. അധികാരികളില്‍ നിന്നും പണവും പാരച്യൂട്ടും കൈപറ്റി.

പൈലറ്റാണെന്ന് കരുതി സ്നൈപ്പര്‍മാരുടെ തോക്കുകള്‍ വെടിയുണ്ട പായിച്ചില്ല. പിന്നീട് യാത്രക്കാരെയും ജീവനക്കാരെയും കൂപ്പർ സ്വതന്ത്രമാക്കി. എന്നാല്‍ പൈലറ്റുമാരെ വിട്ടില്ല. റാഞ്ചിയെ പിടിക്കാന്‍ നിന്ന സുരക്ഷ സൈന്യത്തെ ഇളിഭ്യരാക്കി ഡിബി കൂപ്പറുടെ ഭീഷണിയില്‍ വിമാനം വീണ്ടും പറന്നു. ബോംബ് ഭീഷണി ഉയര്‍ത്തി മെക്സിക്കോ ലക്ഷ്യമായി പറക്കാനാണ് കൂപ്പര്‍ പൈലറ്റുമാരോട് ആവശ്യപ്പെട്ടത്. ഒപ്പം ചില നിര്‍ദേശങ്ങളും വച്ചു. വിമാനം 10000 അടിയില്‍ കൂടുതല്‍ ഉയരത്തില്‍ പോകാന്‍ പാടില്ല, 190 കിലോമീറ്റര്‍ വേഗതയില്‍ പറക്കരുത്. പിന്‍ വശത്തെയും മുന്‍ വശത്തെയും വീലുകള്‍ താഴ്ന്നു തന്നെ ഇരിക്കണം. ഇത്രയും അനുസരിച്ച് പൈലറ്റുമാര്‍ വിമാനം പറത്തി.

നവാഡയ്ക്ക് മുകളിലെത്തിയപ്പോള്‍ വിമാനം നന്നായി കുലുങ്ങാന്‍ തുടങ്ങി. പരിശോധിച്ചപ്പോള്‍ വിമാനത്തിന് പിന്നിലെ ചരക്കുകള്‍ കയറ്റാനുള്ള വാതില്‍ തുറന്ന് കിടക്കുന്നു. ഇതോടെ വിമാനം അടിയന്തരമായി നവഡയിലെ റെനോ എയര്‍പോര്‍ട്ടിലിറക്കി. സുരക്ഷ സൈന്യം വിമാനം നിലംതൊട്ടതിന് പിന്നാലെ അതിലേക്ക് കുതിച്ചുകയറി, പക്ഷെ കൂപ്പറുടെ പൊടിപോലും അതിലുണ്ടായിരുന്നില്ല.

ഡിബി കൂപ്പര്‍ എന്ന പേര് തന്നെ വിമാന ടിക്കറ്റ് ബുക്കിംഗിന് ഉണ്ടാക്കിയ വ്യാജ പേരായിരുന്നു എന്നാണ് കേസ് അന്വേഷിച്ച എഫ്ബിഐ കണ്ടെത്തിയത്. നവാഡയിലെ വനാന്തരങ്ങളില്‍ ദിവസങ്ങളോളം തിരിച്ചില്‍ നടത്തിയിട്ടും ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. പാരച്യൂട്ടിന്‍റെ അവശിഷ്ടം പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

Comments: 0

Your email address will not be published. Required fields are marked with *