പത്താംക്ലാസ് വിദ്യാർത്ഥിയുടെ മരണം; ദുരൂഹതയെന്ന് ബന്ധുക്കൾ
കാസര്‍ഗോഡ് ചെര്‍ക്കള ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥി ഷുഹൈലയുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം. ആത്മഹത്യയ്ക്ക് കുട്ടിയെ പ്രേരിപ്പിച്ച കാരണങ്ങള്‍ സംബന്ധിച്ച് ലോക്കല്‍ പൊലീസ് ശരിയായി അന്വേഷിച്ചില്ലെന്നാണ് കുടുംബം പറയുന്നത്. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് കുടുംബം പരാതി നല്കി. കഴിഞ്ഞ മാസം എസ്എസ്എല്‍സി പരീക്ഷ തുടങ്ങുന്നതിന്റെ തലേദിവസമാണ് ഷുഹൈലയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിന് മുമ്പ് യാതൊരു അസ്വാഭാവികയുമില്ലാത്ത പെരുമാറ്റമാണ് ഷുഹൈലയ്ക്കുണ്ടായിരുന്നതെന്നും പെട്ടെന്നുള്ള എന്തോ കാരണമാണ് മകളെ ആത്മഹത്യയിലേക്കെത്തിച്ചതെന്നുമാണ് രക്ഷിതാക്കളുടെ അനുമാനം. ഷുഹൈലയുടെ ഫോണ്‍ പരിശോധിച്ചതോടെയാണ് രക്ഷിതാക്കളുടെ സംശയം ബലപ്പെട്ടത്. നാല് യുവാക്കള്‍ ഷുഹൈലയെ സ്ഥിരം ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും ഇതില്‍ ഒരാള്‍ സംഭവം നടക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് ഷുഹൈലയെ വിളിച്ചിരുന്നുവെന്നും രക്ഷിതാക്കള്‍ പറയുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ലോക്കല്‍ പൊലീസിന്റെ ഭാഗത്തുനിന്നും കാര്യമായ അന്വേഷണം നടന്നില്ലെന്നും കുടുംബം പരാതിപ്പെടുന്നു. ഷുഹൈലയുടെ ആത്മഹത്യയില്‍ വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom