Flash News
കോന്നിയിലെ കുടുംബത്തിൻ്റെ മരണം; ദുരൂഹതകളില്ലെന്ന് പൊലീസ്

കോന്നിയിലെ കുടുംബത്തിൻ്റെ മരണം; ദുരൂഹതകളില്ലെന്ന് പൊലീസ്

കോന്നി പയ്യനാമണ്ണിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ മറ്റ് ദുരൂഹതകളില്ലെന്ന് പൊലീസ്. ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ജീവനൊടുക്കിയെന്നാണ് പ്രാഥമിക കണ്ടെത്തലെന്നും മറ്റ് ദുരൂഹതകളില്ലെന്നും ജില്ലാ പൊലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. പയ്യനാമണ്ണിൽ തെക്കിനേത്ത് വീട്ടിൽ സോണി, ഭാര്യ റീന, എട്ടുവയസ്സുകാരനായ മകൻ റയാൻ എന്നിവരെയാണ് ഞായറാഴ്ച രാവിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. റീനയുടെയും റയാന്റെയും മൃതദേഹങ്ങൾ വെട്ടേറ്റനിലയിലാണ് കിടപ്പുമുറിയിൽ കണ്ടെത്തിയത്. സോണിയെ മറ്റൊരു മുറിയിലും മരിച്ചനിലയിൽ കണ്ടെത്തി. ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ഇയാൾ തൂങ്ങിമരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സോണിയുടെ സാമ്പത്തിക ബാധ്യതകളാകാം കൃത്യത്തിന് കാരണമായതെന്നും പൊലീസ് കരുതുന്നു. സോണി അടുത്തിടെ വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും വിവരമുണ്ട്. സോണി-റീന ദമ്പതിമാർക്ക് കുട്ടികളില്ലാത്തതിനാൽ ഇവർ ദത്തെടുത്ത് വളർത്തിയിരുന്ന കുട്ടിയാണ് റയാൻ. സംഭവമറിഞ്ഞ് നിരവധിപേരാണ് സോണിയുടെ വീടിന് സമീപം തടിച്ചുകൂടിയത്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ഫൊറൻസിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

Comments: 0

Your email address will not be published. Required fields are marked with *