ഡൽഹി ക്യാപിറ്റൽസ് താരം ഐപിഎലിൽ നിന്ന് പുറത്ത്
ഡൽഹി ക്യാപിറ്റൽസ് താരം പൃഥ്വി ഷാ ഐപിഎലിൽ നിന്ന് പുറത്ത്. പനി ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു താരം. എന്നാൽ ലീഗിലെ ഇനിയുള്ള രണ്ട് മത്സരങ്ങളിലും താരം കളിക്കില്ലെന്ന് സഹപരിശീലകൻ ഷെയിൻ വാട്സൺ പറഞ്ഞു. കുറച്ച് ആഴ്ചകളായി പനി ബാധിച്ച് പൃഥ്വി ചികിത്സയിൽ കഴിയുകയാണെന്ന് ഗ്രേഡ് ക്രിക്കറ്റിനു നൽകിയ അഭിമുഖത്തിൽ വാട്സൺ വ്യക്തമാക്കിയിരുന്നു.
“അദ്ദേഹത്തിൻ്റെ അസുഖമെന്തെന്ന് കൃത്യമായി എനിക്കറിയില്ല. കഴിഞ്ഞ ഏതാനും ആഴ്ചകളായി അദ്ദേഹത്തിനു പനിയുണ്ട്. അതിനുള്ള കാരണം എന്തെന്ന് ഡോക്ടർമാർ കണ്ടെത്തണം. ഇനിയുള്ള രണ്ട് കളികളിലെങ്കിലും അദ്ദേഹം കളിക്കില്ല. അദ്ദേഹം മികച്ച താരമാണ്. അതുകൊണ്ട് തന്നെ അവസാന രണ്ട് മത്സരങ്ങളിൽ കളിക്കാനാവാത്തത് നിരാശയാണ്.”- വാട്സൺ പറഞ്ഞു.