വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറില്‍ ഹെല്‍മറ്റ് ധരിച്ചില്ല ; പൊലീസ് 500 രൂപ പിഴ ചുമത്തി

ഹെല്‍മറ്റ് ഇല്ലാതെ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇരുന്നതിന് യുവാവിന് പൊലീസ് 500 രൂപയുടെ പിഴ ചുമത്തി. പൊലീസ് മലപ്പുറം സ്വദേശിയായ റമനിഷ് പോറ്റശ്ശേരിക്ക് പിഴ ചുമത്തിയിരിക്കുന്നത് വീടിന്റെ പരിസരത്ത് ദിവസങ്ങളായി പാര്‍ക്ക് ചെയ്തിരിക്കുന്ന കാറില്‍ ഹെല്‍മറ്റ് ധരിക്കാതിരുന്നത് കൊണ്ടാണ്. മലപ്പുറത്ത് വിചിത്രമായ ഈ ‘നിയമലംഘനം’ നടത്തിയതിന് പിഴ ചുമത്തിയിരിക്കുന്നത് തിരുവനന്തപുരം റൂറല്‍ പൊലീസ് ആണ് എന്നത് ഈ സംഭവത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു.

നെടുമങ്ങാട് രജിസ്ട്രേഷനാണ് റമനിഷിന്റെ നിര്‍ത്തിയിട്ടിരിക്കുന്ന ഈ കാറിന് ഉള്ളത്. റമനിഷ് തന്റെ പഴയ i20 കാറില്‍ ഹെല്‍മറ്റ് ധരിക്കാതിരുന്നതിന് 500 രൂപ പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം, അനാവശ്യ മെസ്സേജുകള്‍ ഡിലീറ്റ് ചെയ്യുന്നതിനിടെയാണ് ശ്രദ്ധിക്കുന്നത്.

മിക്കപ്പോഴും ബൈക്കിലാണ് റമനിഷ് താന്‍ താമസിച്ചുവരുന്ന കാവനൂരില്‍ നിന്നും പെരിന്തല്‍മണ്ണയിലെ ഓഫീസിലേക്ക് പോയി വരുന്നത്.

റമനിഷ് ഇപ്പോള്‍ തനിക്ക് കിട്ടിയ വിചിത്ര പിഴ നോട്ടീസിന്റെ വിഷയത്തില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്. കേരള പൊലീസിന്റെ സമാനമായ ഒട്ടനവധി അബദ്ധങ്ങള്‍ ഇപ്പോള്‍ വാര്‍ത്ത പ്രാധാന്യം നേടാറുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *