റീഡിങ് നോക്കി വൈദ്യുതി നിരക്ക് അറിയാം ; ഇത് സ്മാർട്ട് മീറ്റർ

വൈദ്യുതി നിരക്ക് എത്രയായെന്ന് അറിയാൻ ഇനി ബില്ല് വരുന്നതുവരെ കാത്തിരിക്കേണ്ട. കൊച്ചുകുട്ടികൾക്ക് വരെ എളുപ്പത്തിൽ റീഡിങ് എടുക്കാവുന്ന സ്മാർട്ട് മീറ്ററുകൾ കൊച്ചി നഗരത്തിൽ സ്ഥാനം പിടിക്കാൻ ഒരുങ്ങുകയാണ്. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ ഇലക്ട്രിക്കൽ ഇൻഫ്രാസ്ട്രക്ച്ചർ പദ്ധതിയുടെ ഭാഗമായി എറണാകുളം, പശ്ചിമകൊച്ചി എന്നിവിടങ്ങളിൽ ലോ ടെൻഷൻ വൈദ്യുത ഗുണഭോക്താക്കൾക്കായാണ് മീറ്ററുകൾ സ്ഥാപിക്കുന്നത്. 26,000 സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്ന പദ്ധതി ഇതുവരെ 8039 യൂണിറ്റുകൾ സ്ഥാപിച്ചു കഴിഞ്ഞു.

റീഡിങ് എടുക്കാൻ വീടുകളിൽ പോകേണ്ട

അടഞ്ഞു കിടക്കുന്ന വീടുകളിലെ റീഡിങ് എടുക്കാനും, പകർച്ചവ്യാധികളുടെയും ദുരന്തങ്ങളുടെയും സമയത്തും കൃത്യമായ റീഡിങ് മനസ്സിലാക്കാനും ബില്ലുകൾ കൃത്യമായി നൽകാനും വീടുകളിൽ ഈ സ്മാർട്ട് മീറ്ററുകൾ ഉണ്ടെങ്കിൽ മീറ്റർ റീഡർമാർ നേരിട്ട് പോകേണ്ടതില്ല. മീറ്ററുകൾ മാറ്റിയാലും നിലവിലെ താരിഫിൽ മാറ്റം വരില്ല. പുതിയ മീറ്ററുകളിൽ പ്രീ പെയ്‌ഡ്‌, പോസ്റ്റ് പെയ്‌ഡ്‌ സംവിധാനം ലഭ്യമാണ്. സിഎസ്എംഎൽ സ്ഥാപിക്കുന്ന സ്മാർട്ട് മീറ്ററുകൾ ഇന്റഗ്രേറ്റഡ് കമാൻഡ് കൺട്രോൾ സെന്ററുമായി ബന്ധിപ്പിക്കാൻ ആകും.

ബില്ലുകൾ ദിവസേന നിരീക്ഷിക്കാം

സ്മാർട്ട് മീറ്ററുകൾ ഉപയോഗിച്ച് ദൈനംദിന ഉപയോഗം മനസ്സിലാക്കി വൈദ്യുതി ക്രമീകരണം നടത്താൻ ഉപയോക്താവിന് സാധിക്കും. ഇതുവഴി വൈദ്യുതി ബില്ലിലും വീടിന്റെ ബജറ്റിലും മാറ്റങ്ങൾ വരുത്താൻ പറ്റും. പദ്ധതി പൂർത്തിയാകുന്നതോടെ മൊബൈൽ ആപ്ലിക്കേഷൻ വഴി വൈദ്യുതി വകുപ്പിനും ഉപയോക്താവിനും ആശയവിനിമയം നടത്തി പ്രശ്നങ്ങൾ പരിഹരിക്കാനും സാധിക്കും. ശരാശരി ബില്ലിംഗ് രീതി ഒഴിവാകും. ബില്ലിംഗ് സ്ലാബുകൾക്കു മേൽ ഉണ്ടാകുന്ന സംശയങ്ങളും പ്രശ്നങ്ങളും അങ്ങനെ പരിഹരിക്കാം. സ്മാർട്ട് മീറ്ററുകൾ വരുന്നതോടെ ജനങ്ങൾക്ക് തങ്ങളുടെ വൈദ്യുതി ബില്ലുകൾ നിരീക്ഷിക്കാൻ സാധിക്കും. കണക്ഷൻ എടുക്കുന്ന സമയത്ത് നൽകുന്ന ഫോൺ നമ്പറിലേക്കോ അല്ലെങ്കിൽ പിന്നീട് നൽകിയ നമ്പറിലേക്കോ സ്മാർട്ട് മീറ്ററുകൾ ഘടിപ്പിക്കാം. വോൾട്ടേജിൽ സംഭവിക്കുന്ന ഏറ്റക്കുറച്ചിലുകൾ കൃത്യമായി മനസ്സിലാക്കാം. ബില്ലുകൾ സംബന്ധിച്ചുള്ള പരാതികൾ ഒരു പരിധി വരെ ഒഴിവാക്കാനും ഇങ്ങനെ സ്മാർട്ട് മീറ്ററുകൾ സഹായിക്കും.

മീറ്റർ കേടായാൽ എളുപ്പം അറിയാം

വൈദ്യുതി ബില്ലിലെ തത്സമയ വിവരങ്ങൾ അറിയാനും സ്മാർട്ട് മീറ്ററുകളിലൂടെ കഴിയും. മീറ്റർ കേടായാലോ, ആരെങ്കിലും നശിപ്പിച്ചാലോ, വൈദ്യുതിപ്രവാഹം മൂലം തകരാറിലായാലോ, ജാഗ്രതാനിർദ്ദേശങ്ങൾ ഓരോ ഉപയോക്താവിനും തത്സമയം ലഭിക്കും. ഒരു ഉപയോക്താവിന് സാധാരണയെക്കാൾ കൂടുതൽ ബില്ല് തുക വന്നാൽ എന്തുകൊണ്ടാണെന്നും എളുപ്പം അറിയാൻ സാധിക്കും. വൈദ്യുതിതടസ്സം നേരിട്ടാലും ഉടൻ പരിഹാരം കാണാം. വൈദ്യുതി തടസ്സപ്പെട്ടാൽ ഉടനടി കെഎസ്ഇബിക്ക് സന്ദേശവും ലഭിക്കും.

Comments: 0

Your email address will not be published. Required fields are marked with *