ലോക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി സൈബര്‍ ക്രൈം പരിശീലക

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുകയും അമ്പതിനായിരത്തോളം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്ത 25കാരി ലോക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി. സൈബര്‍ കുറ്റവാളികളുടെ കണ്ണിലെ കരടായ ഗാസിയാബാദ് സ്വദേശിനി കാമാക്ഷി ശര്‍മയാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

കോളേജ് പഠനകാലം മുതല്‍ ഹാക്കിംഗ് ഇഷ്ട ഹോബിയാക്കിയ കാമാക്ഷി സുഹൃത്തുക്കളുടെ ഐഡികളിലാണ് ആദ്യം കൈവെച്ചത്. പിന്നീട് ആ ഹോബി പ്രൊഫഷനാക്കി മാറ്റി, ഇന്ന് അറിയപ്പെടുന്ന സൈബര്‍ ക്രൈം പരിശീലക റോളിലാണ് താരം. കൊവിഡ് കാലത്ത് വീട്ടില്‍ ഇരുന്നുള്ള ജോലികള്‍ കൂടിവന്നതിനാല്‍ സൈബര്‍ ലോകത്തെ കബളിപ്പിക്കലുകളും കൂടിയതായി പറയപ്പെടുന്നു. പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത് ചില വീരന്‍മാര്‍ ലക്ഷങ്ങളാണ് അവരുടെ അക്കൗണ്ടില്‍ നിന്നും തട്ടിയെടുക്കുന്നത്. ഹാക്കര്‍മാര്‍ ആളുകളെ കബളിപ്പിക്കുമ്പോള്‍ പൊലീസുകാര്‍ക്ക് അവരെ പിടികൂടാനും ഇതേ ഹാക്കിംഗ് ടെക്‌നിക്ക് ഉപയോഗിക്കാമെന്ന് മനസിലാക്കിയതോടെയാണ് കാമാക്ഷി പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ചേര്‍ന്ന് അന്വേഷണ രംഗത്ത് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.

2017ല്‍ ബി.ടെക് ചെയ്യുന്ന കാലത്ത് സുഹൃത്തുക്കളുടെ ഐഡി ഹാക്ക് ചെയ്യാനായി മറ്റു ചില സുഹൃത്തുക്കള്‍ കാമാക്ഷിക്ക് കരാര്‍ കൊടുക്കുന്നത് പതിവാക്കിയിരുന്നു. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും എഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും മുന്‍പ് തന്നെ ഇവര്‍ ഇടം നേടുകയുണ്ടായി.

Comments: 0

Your email address will not be published. Required fields are marked with *