‘കണ്ണാടിയില്‍ എനിക്കുപോലും എന്നെ തിരിച്ചറിയാനായില്ല’ ; ഇന്ദിരാഗാന്ധി ഗെറ്റപ്പിനെ കുറിച്ച് ലാറ ദത്ത

അക്ഷയ് കുമാര്‍ നായകനാകുന്ന ‘ബെല്‍ബോട്ടം’ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷമാണ് ബോളിവുഡ് നടി ലാറ ദത്ത അവതരിപ്പിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ അടക്കം ഏറെ ചര്‍ച്ചാവിഷയമായിക്കൊണ്ട് ഇരിക്കുന്ന പുത്തന്‍ ഗെറ്റപ്പാണ് ചിത്രത്തിനുവേണ്ടി താരം ഏറ്റെടുത്തത്. ഇന്ത്യയുടെ ഏക വനിത പ്രധാനമന്ത്രി ആയിരുന്ന ഇന്ദിരാഗാന്ധിയായി വേഷമിടുമ്പോള്‍ വലിയൊരു ഉത്തരവാദിത്തമാണ് നടി ഏറ്റെടുത്തതെങ്കിലും, മേക്കപ്പിലൂടെ അസാമാന്യ രൂപാന്തരണമാണ് നടിയെ സ്‌ക്രീനില്‍ കാണുമ്പോള്‍ ഉണ്ടായത്.

കരിയറിലെ മികച്ച വേഷങ്ങളില്‍ ഒന്നാകും ഇതെന്ന് നിസ്സംശയം പറയാവുന്ന കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് നടി ഇപ്പോള്‍. അക്ഷയ് കുമാറാണ് ചിത്രത്തിലെ റോളിനെ കുറിച്ചുള്ള സൂചന ആദ്യമായി ലാറയെ അറിയിച്ചത്. കെട്ടിലും മട്ടിലും താനുമായി യാതൊരു സാമ്യവും തോന്നാതിരുന്ന റോള്‍ എങ്ങനെ ഏറ്റെടുക്കും എന്ന സംശയമാണ് ആദ്യം ലാറയ്ക്ക് ഉണ്ടായത്. എന്നാല്‍ അതിനുള്ള ധൈര്യവും അക്ഷയ് തന്നെ നല്‍കി. മേക്കപ്പ് വലിയ ഒരു വെല്ലുവിളി ആയിരുന്നതായും, ഇന്ദിരാഗാന്ധിയുടെ രൂപത്തിലേക്കുള്ള മാറ്റം ഗംഭീരന്‍ ടാസ്‌ക് ആയി മാറിയതായും നടി തുറന്നു പറയുന്നുണ്ട്. ”മുഖത്തെ ചുളിവുകളും നിറവ്യത്യാസവുമെല്ലാം നല്‍കിയതിനു പുറമേ ആ മഹത് വനിതയുടെ വ്യക്തിത്വത്തെ സൂചിപ്പിക്കുന്ന ഹെയര്‍സ്റ്റൈല്‍ കൂടിയായപ്പോള്‍ കണ്ണാടിയില്‍ കണ്ടിട്ട് എനിക്കു തന്നെ എന്നെ തിരിച്ചറിയാനായില്ല” ലാറ പറയുന്നു. മേക്കപ്പിട്ട് ഇന്ദിരാഗാന്ധിയായി മാറിയപ്പോഴാണ് തങ്ങള്‍ക്കിടയില്‍ നല്ല സാമ്യമുണ്ടെന്ന് മനസിലായതെന്നും നടി വെളിപ്പെടുത്തുന്നു. ഷൂട്ടിങ്ങില്‍ ഓരോ ദിവസം മൂന്ന് മണിക്കൂര്‍ ഈ മേക്കപ്പിടാന്‍ വേണ്ടിവന്നു. മേക്കപ്പ് കളയാന്‍ ഒരു മണിക്കൂറും നടി മാറ്റിവെക്കുകയുണ്ടായി. ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നുവെങ്കിലും, വിലപ്പെട്ട ഒന്നായിരുന്നു ഈ റോളെന്ന് ലാറ വ്യക്തമാക്കി.

Comments: 0

Your email address will not be published. Required fields are marked with *