കണ്ണിന്റെ ആരോഗ്യം പ്രധാനം; ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

നമ്മുടെ കണ്ണുകളുടെ ​ആരോ​ഗ്യം ശ്രദ്ധിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നമ്മുടെ ശരീരത്തിലെ ഏറ്റവും സെന്‍സിറ്റീവാ‍യ ഒരു അവയവം കൂടിയാണ് കണ്ണ്. മാറുന്ന കാലത്തെ അന്തരീക്ഷ മലിനീകരണവും, ഭക്ഷണ രീതിയും ജോലിയുടെ സ്വഭാവവുമെല്ലാം വലിയ അളവില്‍ കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. കണ്ണിന്റെ ആരോ​ഗ്യത്തിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കണം. കണ്ണിന്റെ ആരോഗ്യവും കാഴ്ചശക്തിയും നിലനിര്‍ത്താന്‍ വൈറ്റമിന്‍ എ അടങ്ങിയ ഭക്ഷണം പ്രധാന പങ്കാണ് വഹിക്കുന്നത്. ബീറ്റാ കരോട്ടിന്‍, ലൂട്ടീന്‍, സീക്സാന്തിന്‍ എന്നീ ധാതുക്കള്‍ അടങ്ങിയ കാരറ്റ്, ഇലക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

അമിതവണ്ണം, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലീരോഗങ്ങള്‍ കണ്ണിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. ഡയറ്റും വ്യായാമവും ചെയ്ത് അമിതവണ്ണം തടയുക. കൈകളും മുഖവും ഇടയ്ക്കിടെ കഴുകാന്‍ ശ്രമിക്കുക. വൃത്തിഹീനമായ കൈകള്‍കൊണ്ട് കണ്ണുകള്‍ തിരുമ്മുന്നത് കണ്ണുകളില്‍ അലര്‍ജിയ്ക്കും കണ്‍കുരു ഉണ്ടാകുന്നതിനും കാരണമാകും. കമ്പ്യൂട്ടർ, മൊബൈല്‍ഫോണ്‍ എന്നിവ തുടര്‍ച്ചയായി ഉപയോഗിക്കേണ്ടിവരുന്നവര്‍ ഇടയ്ക്ക് ഇടവേളയെടുക്കാന്‍ ശ്രമിക്കുക. മേക്കപ്പ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഒന്ന് ശ്രദ്ധിക്കുക. കണ്ണുകളില്‍ ഉപയോഗിക്കുന്ന മേക്കപ്പ് ആറ് മാസത്തില്‍ ഒരിക്കല്‍ മാറ്റാന്‍ ശ്രമിക്കുക. മേക്കപ്പ് വഴി ബാക്ടീരിയ കണ്‍പീലികളെയും കണ്‍പോളയെയും ബാധിക്കാം.

Comments: 0

Your email address will not be published. Required fields are marked with *