വാ..വാാ.. മിണ്ടീം പറഞ്ഞും ഇരിക്കാം, ബസിലിരുന്ന് ഒരു ചായേം കുടിക്കാം!
കായലിന്റെ ഭംഗിയും ആസ്വദിച്ച് മിണ്ടീം പറഞ്ഞുമൊക്കെ യാത്രചെയ്യുന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. കൂടെ ഒരു ചായയും കൂടി ആയാലോ? അതും ബസിലിരുന്നായാൽ ഏറെ രസകരമായിരിക്കുമല്ലേ. എന്നാൽ അങ്ങനെ ഒരു സ്ഥലമുണ്ട് കേരളത്തിൽ. നേരെ വൈക്കത്തോട്ട് പോരു.. ഇവിടെ കായലോര ബീച്ചിനു സമീപം രൂപം മാറിയ ഒരു കെഎസ്ആർടിസി ബസ് ഉണ്ട്. അതിലാണ് കിടിലൻ റിസോർട്ട് പ്രവർത്തിക്കുന്നത്. കെടിഡിസിയുടെ മോർട്ടൽ വളപ്പിലുള്ള ഈ പഴയ കെഎസ്ആർടിസി ബസിൽ ഇരുനിലകളിലായി ഒരുങ്ങുന്ന റസ്റ്റോറന്റിൽ 45 ഇരിപ്പിടങ്ങളുണ്ട്.
ബസിന്റെ താഴത്തെ എസി കമ്പാർട്ടുമെന്റിൽ 20 ഇരിപ്പിടങ്ങളും മുകളിലെ നോൺ എസിയിൽ 25 ഇരിപ്പിടങ്ങളുമുണ്ട്. റസ്റ്റോറന്റിനു പുറത്തെ പൂന്തോട്ടത്തിനോടു ചേർന്ന് 20 പേർക്കുകൂടി ഇരുന്നു ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. കെഎസ്ആർടിസിയുടെ ഉപയോഗശൂന്യമായ ബസുകൾ മൂന്നാറിലും തേക്കടിയിലുമൊക്കെ വിനോദ സഞ്ചാരികൾക്കും മറ്റും വിശ്രമിക്കുന്നതിനും അന്തിയുറങ്ങുന്നതിനുമൊക്കെ ഉപയോഗിക്കുന്നുണ്ട്.
ഉപയോഗശൂന്യമായ ബസ് റസ്റ്റോറന്റാക്കുന്ന പദ്ധതി കേരളത്തിൽ ആദ്യം യാഥാർഥ്യമാകുന്നത് വൈക്കത്താണ്. വൈക്കം കായലോര ബീച്ചിൽ വൈകുന്നേരങ്ങളിൽ നൂറുകണക്കിനാളുകളാണെത്തുന്നത്. കെടിഡിസി വളപ്പിൽ കെടിഡിസിക്കു മറ്റൊരു റസ്റ്ററന്റ് ആരംഭിക്കാൻ നിയമം അനുവദിക്കാത്തതിനാൽ ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ കെഎസ്ആർടിസിയുമായി സഹകരിച്ചു പദ്ധതി ആരംഭിക്കുകയായിരുന്നു.