വാടക കാമുകന്മാര്‍ മുതല്‍ നായ്ക്കളുടെ ഭക്ഷണത്തിന്റെ രുചി നോക്കുന്നവര്‍ വരെ ; വിചിത്രമായ ചില തൊഴിലുകള്‍

വര്‍ഷങ്ങളായി കണ്ടും കേട്ടും പറഞ്ഞും അറിയുന്ന ജോലികളാണ് നമ്മിൽ പലരും തെരഞ്ഞെടുക്കാറുള്ളത്. നമ്മുടെ ചിന്താമണ്ഡലത്തിനും അപ്പുറമാണ് ലോകത്തിലെ പല തൊഴിൽ അവസരങ്ങളും. ഇങ്ങനെയും ജോലികൾ ഉണ്ടാകുമോ എന്ന്‌ തോന്നിപോകുന്നത് തികച്ചും സ്വാഭാവികം മാത്രം. ഇത്തരം ജോലികൾക്ക് നൽകി വരുന്ന ശമ്പളവും വളരെ കൂടുതലാണ്. കക്ഷത്തിന്റെ മണം പരിശോധിക്കുന്നതും, വളർത്തുമൃഗങ്ങളുടെ ഭക്ഷണം രുചിച്ചു നോക്കുന്നതുമൊക്കെ ഒരു ജോലിയായി ചെയ്യുന്ന സാഹചര്യം നിങ്ങൾക്ക് സങ്കല്പിക്കാൻ കഴിയുമോ? ഇത്തരത്തിലുള്ള ലോകത്തിലെ ഏറ്റവും വിചിത്രമായ ജോലികളെ കുറിച്ച് നമുക്ക് അറിയാം.

വാടക ബോയ്ഫ്രണ്ട് / ഗേൾഫ്രണ്ട്

‘സിമുലേയ്റ്റ് റൊമാൻസ്’ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന ചില ജാപ്പനീസ് വെബ്‌സൈറ്റുകളിൽ വാടകയ്ക്ക് ബോയ്ഫ്രണ്ടിനെയോ, ഗേൾഫ്രണ്ടിനെയോ ജോലിക്കായി തെരഞ്ഞെടുക്കാറുണ്ട്. ഉപഭോക്താവിന്റെ കാമുകനോ കാമുകിയോ ആയി അഭിനയിക്കുന്നതിനാണ് ജോലിക്കാർക്ക് ശമ്പളം നൽകുക. വാടകയ്ക്ക് എടുക്കുന്ന പങ്കാളികൾക്കൊപ്പം കറങ്ങാൻ പോകുന്നതൊക്കെ ജോലിയുടെ ഭാഗമാണ്. ചിലവുകൾ എല്ലാം ക്ലയന്റ് തന്നെ വഹിക്കും.

ഉറങ്ങി സമ്പാധിക്കാം

വെറുതെ ഉറങ്ങി കിടന്നും നിങ്ങൾക്ക് സമ്പാദിക്കാൻ കഴിയും. ഒരു പണിയും ചെയ്യാതെ ശമ്പളം വാങ്ങുക എന്നത് പലരുടെയും സ്വപ്നം ആണ്. ബെഡ്ഡുകൾ നിർമ്മിക്കുന്ന ചില കമ്പനികളാണ് ഇത്തരത്തിൽ ആളുകളെ ഉറങ്ങുന്നതിനായി നിയമിക്കുന്നത്. അവരുടെ ഉത്പന്നം വാഗ്‌ദാനം ചെയ്യുന്ന ഉറക്കത്തിന്റെ ഗുണനിലവാരം വിലയിരുത്തുന്നതിനാണ് ഈ ജോലിക്കായി ആളുകളെ നിയമിക്കുന്നത്.

കക്ഷത്തിലെ മണം പരിശോധിക്കൽ

ഇത്രയും വിചിത്രമായ ഒരു ജോലി മുൻപ് എവിടെയും നിങ്ങൾ കേട്ടുകാണില്ല. ഡിയോഡറന്റ് കമ്പനികളാണ് ഈ ജോലി വാഗ്‌ദാനം ചെയ്യുന്നത്. ആളുകളുടെ കക്ഷം മണത്തുനോക്കി വിശകലനം ചെയ്യുന്നതിനാണ് ഇത്തരം ജോലിക്കാർക്ക് ശമ്പളം നൽകുന്നത്. സാധാരണയായി ഈ ജോലി ചെയ്യുന്ന പ്രൊഫഷണൽ ഒരു ഡിയോഡറന്റിന്റെ ഗുണനിലവാരം വിലയിരുത്തുന്നതിന് മണിക്കൂറിൽ 60 പേരുടെ കക്ഷങ്ങൾ വരെ മണത്തു നോക്കേണ്ടതായി വരും.

വളർത്തുമൃഗങ്ങളുടെ ഭക്ഷണം രുചിച്ചു നോക്കുന്ന ആൾ

വളർത്തുമൃഗങ്ങളുടെ ഭക്ഷ്യ വസ്തുക്കൾ തയ്യാറാക്കുന്ന കമ്പനികൾ തങ്ങളുടെ ഉത്പന്നം എതിരാളികളുടേതിനെക്കാൾ രുചികരമാണെന്ന് ഉറപ്പാക്കാൻ രുചി വിദഗ്ധരെ നിയമിക്കാറുണ്ട്. മനുഷ്യർക്കുള്ള ഭക്ഷണം രുചിച്ചു നോക്കുന്ന ജോലിയിൽ ആശ്ചര്യപ്പെടേണ്ടതില്ല. എന്നാൽ വളർത്തുമൃഗങ്ങളുടെ ഭക്ഷണം രുചിച്ചു നോക്കുക എന്നത് അല്പം വിചിത്രമല്ലേ?

ആലിംഗനം ചെയ്ത് മണിക്കൂറിന്റെ അടിസ്ഥാനത്തിൽ പണം നേടാം

ഒരാളെ സ്നേഹത്തോടെ ആലിംഗനം ചെയ്യുന്നതും ഇന്നത്തെ കാലത്ത് ഒരു ജോലിയാണ്. ശാരീരിക സ്പര്‍ശനവും ആശ്വാസവും നല്‍കുന്ന ഇത്തരം സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന കമ്പനികളുമുണ്ട്‌. ഈ ജോലി ചെയ്യുന്ന ഒരാള്‍ക്ക് മണിക്കൂറില്‍ ഏകദേശം 4000 മുതല്‍ 5500 രൂപ വരെ സമ്പാദിക്കാന്‍ സാധിക്കും.

മരണവീടുകളില്‍ കരയാനുമുണ്ട് വാടകക്കാര്‍

ശവസംസ്കാരവേളയില്‍ വിലപിക്കാനും കരയാനും ആളുകളെ നിയമിക്കുന്നത് അല്പം വിചിത്രമായി തോന്നുന്നില്ലേ? എന്നാല്‍ ഇതും ഇന്നൊരു തൊഴിലാണ്. ചില സ്ഥലങ്ങളിലെ വിശ്വാസം അനുസരിച്ച് ഉച്ചത്തില്‍ കരച്ചില്‍ കേള്‍ക്കുന്ന ശവസംസ്കാരം മരിച്ചവര്‍ക്ക് മെച്ചപ്പെട്ട മരണാനന്തര ജീവിതം നല്‍കുമെന്നാണ് വിശ്വാസം. അതിനാല്‍ ഇത്തരം ചടങ്ങുകള്‍ക്കായി പ്രൊഫഷണല്‍ കരച്ചിലുകാരെ വരെ ലഭിക്കും.

പ്രൊഫഷണല്‍ തള്ളലുകാര്‍

ജാപ്പനീസ് റെയില്‍വേ പ്ലാറ്റ്ഫോമുകളില്‍ പ്രൊഫഷണല്‍ തള്ളലുകാരെ നിയമിക്കാറുണ്ട്. തിരക്കേറിയ ട്രെയിനുകളില്‍ യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനാണ് ഇത്തരം നിയമനം നടത്തുന്നത്.

ക്യൂ നില്‍ക്കാനും വാടകയ്ക്ക് ആളെ എടുക്കാം

വളരെ നീണ്ട വരികളില്‍ ക്യൂ നില്‍ക്കേണ്ടി വരുമ്പോള്‍ പ്രൊഫഷണല്‍ ക്യൂ നില്‍പ്പുകാരെ പകരക്കാരാക്കി നിര്‍ത്താം. ഇതിനായി അവര്‍ക്ക് പണം നല്‍കേണ്ടതുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *