Flash News
600 വർഷത്തിലേറെ പഴക്കമുള്ള സുവർണ ബുദ്ധക്ഷേത്രം

600 വർഷത്തിലേറെ പഴക്കമുള്ള സുവർണ ബുദ്ധക്ഷേത്രം

600 വർഷത്തിലേറെ പഴക്കമുണ്ട് മനോഹരമായ സുവർണ്ണ ബുദ്ധക്ഷേത്രമായ വാട്ട് ശ്രീ പാൻറണിന്. സുഖോത്തായിയുടെ അവസാനത്തിലോ അയുത്തയ കാലഘട്ടത്തിൻറെ തുടക്കത്തിലോ സ്ഥാപിക്കപ്പെട്ടതാണ് ഈ ക്ഷേത്രം എന്നു വിശ്വസിക്കപ്പെടുന്നു. ഈ ക്ഷേത്രത്തിൻറെ യഥാർത്ഥ പേര് ഫായ ഫാൻ ടൺ എന്നാണ്.

കൗതുകം പകരുന്ന ഒട്ടേറെ കാഴ്ചകളും അനുഭവങ്ങളും കുറഞ്ഞ ചെലവിൽ സഞ്ചാരികൾക്ക് അനുഭവവേദ്യമാക്കുന്ന നാടാണ് തായ്‌ലൻഡ്. ലോകത്ത് മറ്റൊരിടത്തും ഇല്ലാത്ത രീതിയിൽ, കലാഭംഗിയും ചരിത്രങ്ങളും ഇടകലർത്തിയുണ്ടാക്കിയ ഒട്ടനവധി നിർമിതികളും പെയിൻറിങ്ങുകളുമെല്ലാം ഇവിടെയുണ്ട്. ഇത്തരം കലാസൃഷ്ടികൾ ലോകത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു. ഇത്തരത്തിൽ ഏറെ വേറിട്ട്‌ നിൽക്കുന്ന ഒരിടമാണ് നാൻ പ്രവിശ്യയിലെ വാട്ട് ശ്രീ പാൻറൺ എന്നു പേരായ ബുദ്ധക്ഷേത്രം.

സ്വർണനിറം പൂശിയ വാട്ട് ശ്രീ പാൻറൺ ബുദ്ധക്ഷേത്രത്തിന് മുന്നിൽ ഏഴ് തലകളുള്ള നാഗത്തിൻറെ മനോഹരമായ ഒരു സ്റ്റക്കോ ശിൽപവും പ്രദേശത്തിൻറെ ചരിത്രം ചിത്രീകരിക്കുന്ന ചുമർചിത്രങ്ങളും ഉണ്ട്. നാൻ സന്ദർശിക്കുന്നവർ ഒരിക്കലും ഒഴിവാക്കരുതാത്ത വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്. മുൻകാലങ്ങളിൽ വാട്ട് സാലി പാൻ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. ആൽമരം എന്നാണ് സാലി എന്ന വാക്കിൻറെ അർത്ഥം. ക്ഷേത്രത്തിനരികിലായി പണ്ട് വലിയൊരു ആൽമരം ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ചാവോ ഫാ റോഡ്‌ നിർമിക്കാനായി അത് മുറിച്ചുമാറ്റി.

ക്ഷേത്രത്തിൻറെ പ്രതീകമായി കണക്കാക്കപ്പെടുന്ന, ഏഴ് തലയുള്ളതും സ്വർണനിറമുള്ളതുമായ സർപ്പ പ്രതിമ നിർമിച്ചത് അനുരക് സോംസാക് എന്ന പ്രാദേശിക കലാകാരനാണ്. ക്ഷേത്രത്തിൻറെ ഗോവണി കാക്കുന്നത് ഈ സർപ്പം ആണെന്ന് വിശ്വസിക്കപ്പെടുന്നു. ഒറ്റ നോട്ടത്തിൽ ജീവനുണ്ടെന്നു തോന്നിക്കും വിധം അതിഗംഭീരമാണ് ഈ ശിൽപം.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *