‘തനിക്ക് വലുത് ദേശീയ ടീം’; ഐ.പി.എല്ലിൽ നിന്ന് പിന്മാറി ബെൻ സ്റ്റോക്സ്
വരുന്ന ഐ.പി.എൽ സീസണിൽ നിന്ന് പിന്മാറി ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ്. തനിക്ക് വലുത് ദേശീയ ടീമാണെന്നും അതുകൊണ്ട് തന്നെ ഐ.പി.എല്ലിൽ നിന്നും പിന്മാറുകയാണെന്നും സ്റ്റോക്സ് അറിയിച്ചു. ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടും ഐ.പി.എല്ലിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചിരുന്നു. പുതിയ രണ്ട് ടീമുകൾ കൂടി ഉള്ളതിനാൽ താൻ മെഗാ ലേലത്തിൽ രജിസ്റ്റർ ചെയ്യുമെന്ന് റൂട്ട് അറിയിച്ചിരുന്നെങ്കിലും ആഷസ് പരമ്പരയിൽ ദയനീയ പരാജയം വഴങ്ങിയതിനു പിന്നാലെ താരം ഈ തീരുമാനം മാറ്റുകയായിരുന്നു. കഴിഞ്ഞ സീസണിൽ ബെൻ സ്റ്റോക്സിന് ഒരു മത്സരം മാത്രമേ കളിക്കാനായുള്ളൂ. കൈവിരലിനു പരുക്കേറ്റതിനെ തുടർന്ന്, രാജസ്ഥാൻ റോയൽസ് താരമായിരുന്ന സ്റ്റോക്സ് ബാക്കിയുള്ള മത്സരങ്ങൾ കളിച്ചിരുന്നില്ല. 2022 മെഗാ ലേലത്തിനു മുൻപ് റോയൽസ് സ്റ്റോക്സിനെ ടീമിൽ നിലനിർത്താൻ തയ്യാറായതുമില്ല. ക്യാപ്റ്റൻ സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, ജോസ് ബട്ലർ എന്നീ താരങ്ങളെയാണ് റോയൽസ് നിലനിർത്തിയത്.