രണ്ട് ഡോസ് വാക്‌സിനെടുത്ത വരനെ ആവശ്യമുണ്ട്…; വൈറലായ ആ വാര്‍ത്തയുടെ സത്യാവസ്ഥ ഇങ്ങനെ

കൊവിഡ് കാലത്ത് പുതിയ ട്രെന്‍ഡായി മാറിയത് 24കാരിയായ യുവതി കോവിഷീല്‍ഡ് വാക്‌സിന്‍ രണ്ടു ഡോസും സ്വീകരിച്ച ഒരാളെ വരന്‍ ആയി ലഭിക്കാന്‍ പരസ്യം നല്‍കിയ വാര്‍ത്തയായിരുന്നു. താന്‍ കോവിഷീല്‍ഡ് വാക്‌സിന്‍ രണ്ട് ഡോസും എടുത്തതാണെന്നും അതുകൊണ്ടു തന്നെ കോവിഷീല്‍ഡ് വാക്‌സിന്‍ രണ്ട് ഡോസ് എടുത്ത യുവാവിനെയാണ് വരനായി അന്വേഷിക്കുന്നതെന്നും യുവതി തന്റെ വിവാഹ പരസ്യത്തില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ആ വാര്‍ത്തയുടെ സത്യാവസ്ഥയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഈ പരസ്യം ഒരു ക്യാമ്പെയിനിന്റെ ഭാഗമായിരുന്നുവെന്നും കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയുന്നത്ര ആളുകളെ എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഗോവയില്‍ നിന്ന് സാവിയോ ഫിഗ്യൂറെഡോ എന്നയാളാണ് ഈ വിവാഹപരസ്യത്തിന് പിന്നിലെന്നുമാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍.

വാക്സിന്‍ എടുക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാന്‍ ഈ പരസ്യം സൃഷ്ടിച്ചത്. അത് എന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഇത് യഥാര്‍ത്ഥമാണെന്ന് പലരും കരുതി. അങ്ങനെ വൈറലാവുകയും ചെയ്തുവെന്നും ഒരു മാധ്യമത്തിനോട് സാവിയോ പറഞ്ഞു.
മാട്രിമോണിയലുകളുടെ ഭാവി എന്ന തലക്കെട്ടിലുള്ള അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പോസ്റ്റ് ഫേസ്ബുക്കിലൂടെയാണ് ആദ്യം പ്രചരിച്ചത്. ഒരു വാക്‌സിനേഷന്‍ സെന്ററിന്റെ കോണ്‍ടാക്റ്റ് നമ്പറിനൊപ്പമാണ് ഇത് പങ്കുവച്ചത്.

Comments: 0

Your email address will not be published. Required fields are marked with *