മാസങ്ങളായി ശമ്പളമില്ലാതെ ഗസ്റ്റ് അധ്യാപകര്‍ പ്രതിസന്ധിയിൽ; മന്ത്രിയുടെ പ്രസ്താവനയിൽ പ്രതിഷേധം

മാസങ്ങളായി ശമ്പളമില്ലാതെ ഗസ്റ്റ് അധ്യാപകര്‍ പ്രതിസന്ധിയിൽ. പല സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുകളില്‍ ഇവരുടെ വേതനം തടഞ്ഞുവെച്ചിരിക്കുകയാണ്. ഗസ്റ്റ് അധ്യാപകരുടെ ശമ്പളം മുടങ്ങിയതായി ശ്രദ്ധയില്‍വന്നിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ പറഞ്ഞത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

ഗസ്റ്റ് അധ്യാപകരുടെ ശമ്പളം മുടങ്ങിയത് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് ഈ മാസം മൂന്നാം തീതിയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി പിടി തോമസിന്‍റെ ചോദ്യത്തിന് മറുപടിയായി നിയമസഭയെ അറിയിച്ചത്. മൂന്ന് മാസം മുതല്‍ ഒരു വര്‍ഷം വരെ ശമ്പളം മുടങ്ങിയവരുടെ പട്ടിക പുറത്തു വിട്ടാണ് ഗസ്റ്റ് അധ്യാപകര്‍ പ്രതികരിച്ചത്. വയനാട്ടിലെ പല കോളജുകളിലും ജൂണ്‍ 2020 മുതല്‍ 2021 മാര്‍ച്ച് വരെയുള്ള ശമ്പളം അധ്യാപകര്‍ക്ക് കിട്ടാത്തത് ഇവര്‍ ഉദാഹരണമായി കാണിക്കുന്നു. പുല്‍പ്പള്ളി കോളേജില്‍ പരസ്യപ്രതിഷേധവും നടന്നു. പല കാലയളവുകളിലെ വേതനം കിട്ടാതെ വലയുന്ന അധ്യാപകര്‍ എല്ലാ ജില്ലകളിലുമുണ്ട്.

ശമ്പളം കിട്ടുന്നില്ലെന്ന പരാതി 99 പേര്‍രേഖാമൂലം നല്‍കിയിട്ടും ഇതൊന്നും അറിഞ്ഞല്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ പറഞ്ഞത് തിരുത്തണമെന്നാണ് അധ്യാപകര്‍ പറയുന്നത്. മാത്രമല്ല ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുന്ന ശമ്പള ബില്ലുകള്‍ എത്രയും വേഗം പാസാക്കണമെന്ന ആവശ്യവും ഉയരുകയാണ്.

Comments: 0

Your email address will not be published. Required fields are marked with *