ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ വണ്ണം കൂടില്ല, കുറയും

ഇക്കാലത്ത് പലരേയും അസ്വസ്ഥതപ്പെടുത്തുന്ന ഒന്നാണ് അമിതമായ വണ്ണം എന്നത്. ആരോഗ്യപരമായും സൗന്ദര്യപരമായും നിരവധി പ്രശ്‌നങ്ങള്‍ക്കും അമിത വണ്ണം കാരണമാകാറുണ്ട്. കുട്ടികളിലും മുതിര്‍ന്നവരിലുമെല്ലാം അമിതവണ്ണം കണ്ടുവരാറുമുണ്ട്. അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരും ഏറെയാണ്. എന്തു ചെയ്തിട്ടും വണ്ണം കുറയുന്നില്ല എന്ന് പരാതിപ്പെടുന്നവര്‍ക്ക് ഡയറ്റില്‍ ചില ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താം. അമിത വണ്ണത്തെ ചെറുക്കാന്‍ ഒരു പരിധി വരെ ഈ ഭക്ഷണങ്ങള്‍ സഹായിക്കുന്നു.

നട്‌സുകളില്‍ പ്രമുഖനായ ബദാം ആണ് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒരു വിഭവം. ബദാം വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ധാരാളം കാല്‍സ്യവും അയണും ബദാമില്‍ അടങ്ങിയിട്ടുണ്ട്. ഇവ ആരോഗ്യത്തിനും നല്ലതാണ്. അതുപോലെ മുളപ്പിച്ച പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും അമിത വണ്ണത്തെ ചെറുക്കാന്‍ സഹായിക്കുന്നു. പയറുവര്‍ഗങ്ങള്‍ മുളപ്പിച്ച് കഴിക്കുമ്പോള്‍ കൂടുതല്‍ പോഷകങ്ങള്‍ ശരീരത്തിന് ലഭിക്കും.

റവ ഉപയോഗിച്ചുള്ള ഭക്ഷണ വിഭവങ്ങള്‍ കഴിക്കുന്നതും നല്ലതാണ്. റവ കൊണ്ടുള്ള ഉപ്പുമാവ്, ഇഡ്ഡലി, ദോശ എന്നിവയൊക്കെ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇവയും വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല റവയില്‍ നാരുകള്‍ ധാരാളമടങ്ങിയിട്ടുള്ളതിനാല്‍ ദഹനവും സുഗമമാക്കുന്നു. കൊഴുപ്പും കുറവാണ് റവയില്‍. തൈര് ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതും വണ്ണം കുറയ്ക്കാന്‍ സഹായിക്കും. ദഹന പ്രക്രിയ സുഗമമാക്കാനും തൈര് സഹായിക്കുന്നു.

Comments: 0

Your email address will not be published. Required fields are marked with *