എന്താണ് പഥ്യം ?...

എന്താണ് പഥ്യം ?…

ആയുർവേദത്തിൽ പോയാൽ ‘പഥ്യം’ നോക്കണം. നമ്മളിൽ പലരും ഇങ്ങനെ പറഞ്ഞിട്ടുള്ളവർ ആയിരിക്കും അല്ലെ?

ആയുർവേദ ചികിത്സയ്ക്ക് പോകുന്നവർ വളരെ വിഷമത്തോടെ കേൾക്കുന്ന ഒരു വാക്കാണ് പഥ്യം.എന്നാൽ ആയുർവേദക്കാർ മാത്രമല്ല പഥ്യം പറയുന്നത്. എല്ലാ ചികിത്സാ വിഭാഗങ്ങളും പഥ്യം പറയുന്നുണ്ട്. എന്തൊക്കെ ഉപയോഗിക്കാനും കഴിക്കാനും പാടില്ല എന്ന് പറയുന്നതല്ല പഥ്യം. എന്തൊക്കെ ഉപയോഗിക്കണം എന്ന് പറയുന്നതാണ് പഥ്യം. ഉപയോഗിക്കാൻ പാടില്ലാത്തവയെ അപഥ്യം എന്നാണ് പറയുന്നത്.

പഥ്യവും അപഥ്യവും രണ്ടുവിധമുണ്ട്. പഥ്യാഹാരം, അപഥ്യാഹാരം എന്നതുപോലെ പഥ്യവിഹാരം, അപഥ്യവിഹാരം എന്നിവയുമുണ്ട്. വിഹാരത്തെ തൽക്കാലം ശീലം എന്നു മനസിലാക്കൂ. ഉദാഹരണത്തിന് പ്രമേഹരോഗികൾക്ക് മധുരമില്ലാത്തവ പഥ്യാഹാരവും, മധുരമുള്ളത് അപഥ്യ ആഹാരവുമാണ്. അതുപോലെ വ്യായാമം പഥ്യവിഹാരവും ശരീരം അനങ്ങാതെ ഇരുന്നുള്ള ജോലി അപഥ്യവിഹാരവുമാണ്. എല്ലാ രോഗത്തിലും പഥ്യമായ ആഹാരവും വിഹാരവും ശീലിച്ചാൽ രോഗം കുറയുമെന്നു മാത്രമല്ല ചികിത്സയും വേഗം അവസാനിപ്പിക്കാം. രോഗത്തിന് ഹിതകരമല്ലാത്ത അതായത് അപഥ്യമായ ആഹാരമോ വിഹാരമോ ഉപയോഗിച്ചാൽ അത് രോഗവർദ്ധനവിന് കാരണമാകുകയും ചികിത്സ ഫലിക്കാതെ വരികയും അല്ലെങ്കിൽ ഫലം ലഭിക്കാൻ താമസിക്കുകയും ചെയ്യും. എന്തിനും മരുന്നു മാത്രം മതി പഥ്യാപഥ്യങ്ങൾ നോക്കണ്ട എന്ന് വിചാരിച്ചാൽ രോഗശമ നത്തിനായി ഉപയോഗിക്കേണ്ട മരുന്നിന്റെ അളവ് കൂടുതൽ വേണ്ടിവരും. ചില ആയുർവേദ മരുന്ന് ഉപയോഗിക്കുന്നതിന് പ്രത്യേക നിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്. എന്നാൽ എല്ലാ ആയുർവേദ മരുന്നുകൾക്കും അവ അനിവാര്യമാണ് എന്ന് പറയാനാകില്ല. അത് തീരുമാനിക്കേണ്ടത് ഡോക്ടറാണ്. മത്സ്യമാംസാദികൾ പൂർണമായി ഉപേക്ഷിച്ച് സസ്യാഹാരം മാത്രം നിർദ്ദേശിക്കുന്ന രീതിയൊന്നും ആയുർവേദത്തിൽ ഇല്ല.ചില രോഗങ്ങൾക്ക് ചില മത്സ്യങ്ങൾ കഴിക്കാൻ പാടില്ലെങ്കിൽ മറ്റ്ചിലർക്ക് ചില മാംസവിഭവങ്ങൾ നിർദ്ദേശിച്ചിട്ടുമുണ്ട്. സസ്യാഹാരത്തിൽ തന്നെ പലതും കഴിക്കാനും മറ്റ് ചിലത് ഒഴിവാക്കാനും പറയുന്നുണ്ട്.ചുരുക്കത്തിൽ പഥ്യമായവ പാലിക്കേണ്ടതും അപഥ്യമായവ ഒഴിവാക്കേണ്ടതുമാണ്. അതെന്താണെന്ന് തീരുമാനിക്കുന്നത് രോഗത്തിന്റെയും രോഗിയുടെയും അവസ്ഥയും ചികിത്സാ സാധ്യതകളും മനസിലാക്കിയാണ്.അവ ശരിയായി നിർദ്ദേശിക്കുവാൻ ശരിയായ ചികിത്സകർക്ക് സാധിക്കും.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *