മൈക്രോഫോണും എൽഇഡി ലൈറ്റുകളും ഉള്ള ഹൈടെക് മാസ്ക് അവതരിപ്പിക്കാൻ ഒരുങ്ങി റെയ്സർ

കൊവിഡ് 19 എന്ന ആഗോള മഹാമാരി ലോകത്തെ ബാധിച്ചപ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വന്ന ഒന്നാണ് മാസ്ക്കുകൾ. ഇപ്പോൾ മാസ്ക്കുകൾ നമ്മുടെ നിത്യജീവിതത്തിലെ ഭാഗമായി കഴിഞ്ഞു. അതു കൊണ്ടു തന്നെ പരമ്പരാഗത ഡിസൈനുകളിൽ നിന്ന് മാറി പല നിറങ്ങളിലും ഡിസൈനുകളിലും ഉള്ള മാസ്കുകൾ ഇപ്പോൾ ലഭ്യമാണ്. ഡ്രസ്സിനോട് ഇണങ്ങുന്ന തരത്തിലുളളതും കല്ലു വെച്ചതുമായ ആകർഷകമായ മാസ്കുകൾ തേടിയാണ് ഇപ്പോൾ ജനങ്ങളും. എന്നാൽ ഇതിലും വ്യത്യസ്തമായ സവിശേഷതകൾ അടങ്ങിയ മാസ്കുകൾ ആണ് ഇപ്പോൾ അവതരണത്തിൽ ഒരുങ്ങുന്നത്. മൈക്രോഫോണും എൽഇഡി ലൈറ്റുകൾ ഘടിപ്പിച്ച മാസ്ക്കുകൾ അവതരിപ്പിക്കാനൊരുങ്ങുകയാണ് റെയ്സർ എന്ന കമ്പനി.

പ്രധാനമായും ഗെയിമേർസിനെ ലക്ഷ്യമിട്ട് ഇറക്കുന്ന ഇത്തരത്തിലുള്ള മാസ്ക്കുകൾ ഈ വർഷം അവസാനത്തോടെ വിപണിയിലെത്തിക്കാനാണ് കമ്പനി ആലോചിക്കുന്നത്. വൈറസ്സിൽ നിന്ന് 95 ശതമാനം വരെ സുരക്ഷ ഉറപ്പാക്കുന്ന ഇത്തരം മാസ്കുകൾക്ക് വേറെയും സവിശേഷതകളുണ്ട്. ധരിക്കുന്നവരുടെ മുഖം കാണാനാകുന്ന മാസ്കുകളിൽ വായു ഫിൽറ്റർ ചെയ്യുന്നതിനായി രണ്ട് വെന്റിലേഷൻ സോണുകളും എൻ 95 ഫിൽറ്ററുകളും നൽകിയിട്ടുണ്ട്. ആക്ടീവ് എയർ കൂളിംഗ് റെഗുലേഷൻ സിസ്റ്റവും മാസ്ക് ഉപയോഗിക്കാത്ത സമയങ്ങളിൽ ഒരു പ്രത്യേകം കെയ്സിനുള്ളിൽ സൂക്ഷിച്ച് അതിൽ തന്നെ റീചാർജ് ചെയ്യാനാകും എന്നതും മാസ്കിന്റെ പ്രത്യേകതകളാണ്. മാസ്കിൽ ഘടിപ്പിച്ചിട്ടുള്ള മൈക്രോഫോണിന്റെ സഹായത്തോടെ ധരിക്കുന്ന ആളുടെ ശബ്ദം മറ്റുള്ളവർക്ക് കൃത്യമായി കേൾക്കാനാകും. മാസ്കിന്റെ വിലയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒന്നും തന്നെ ഇപ്പോൾ ലഭ്യമല്ല. അവതരണവേളയിൽ മാത്രമായിരിക്കും വില പ്രഖ്യാപിക്കുക എന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്.

Comments: 0

Your email address will not be published. Required fields are marked with *