ഹോണ്ട എന്‍എക്‌സ്200; മോഹവിലയിൽ അഡ്വഞ്ചർ ബൈക്ക് അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

അഡ്വഞ്ചർ ബൈക്ക് പ്രേമികളുടെ പ്രധാന പ്രശ്നമാണ് വലിയ വില. ലക്ഷങ്ങൾ വില വരുന്നത് കൊണ്ട് തന്നെ പലരും അങ്ങനൊരു മോഹം ഉപേക്ഷിക്കാറാണ് പതിവ്. ഇത്തരക്കാരെ ലക്ഷ്യമാക്കി വിലക്കുറവുള്ള അഡ്വഞ്ചര്‍ ബൈക്ക് അവതരിപ്പിക്കുകയാണ് ഹോണ്ട. ഈ അഡ്വഞ്ചര്‍ ബൈക്ക് ഈ മാസം 19ന് വിപണിയില്‍ അവതരിപ്പിക്കും എന്നാണ് വിവരം. കഴിഞ്ഞ ഓഗസ്റ്റില്‍ അവതരിപ്പിച്ച ഹോര്‍നെറ്റ് 2.0 അടിസ്ഥാനമായാണ് അഡ്വഞ്ചര്‍ ബൈക്ക് തയ്യാറാക്കിയിരിക്കുന്നത്. ഹോണ്ട എന്‍എക്‌സ്200 എന്ന പേര് കമ്പനി ഇന്ത്യയില്‍ ഈ വര്‍ഷം മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്‍തിരുന്നു. ഇത് അഡ്വഞ്ചര്‍ ബൈക്കിന്റേതാകുമെന്നാണ് സൂചനകൾ. ഏകദേശം 1.45 ലക്ഷം രൂപയാണ് പുത്തന്‍ ബൈക്കിന് പ്രതീക്ഷിക്കുന്ന എക്സ് ഷോറൂം വില.

ഹോര്‍നെറ്റ് 2.0 യിലെ എന്‍ജിന്‍ തന്നെയാണ് എന്‍എക്‌സ്200-ലും ഇടം പിടിക്കുക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അങ്ങനെയെങ്കില്‍ 8,500 ആര്‍പിഎമ്മില്‍ 17.03 ബിഎച്ച്പി കരുത്തും 6,000 ആര്‍പിഎമ്മില്‍ 16.1 എന്‍എം ടോര്‍ക്കും നിര്‍മ്മിക്കുന്ന 184.4 സിസി, സിംഗിള്‍ സിലിണ്ടര്‍, ഫ്യുവല്‍ ഇന്‍ജെക്ഷന്‍ എന്‍ജിനാകും എന്‍എക്‌സ്200ന്റേത്. അഡ്വഞ്ചര്‍ ബൈക്ക് ആയതുകൊണ്ട് വ്യത്യസ്തവും നീളം കൂടിയതുമായ വൈസര്‍ എന്‍എക്‌സ്200ല്‍ ഉണ്ടാകും എന്ന് ടീസര്‍ വീഡിയോ വ്യക്തമാക്കുന്നു. നക്കിള്‍ ഗാര്‍ഡില്‍ ക്രമീകരിച്ചിരിക്കുന്ന ഇന്‍ഡിക്കേറ്റര്‍ ലൈറ്റുകളും പുതുമയാണ്. വ്യത്യസ്‍തമായ ടയറുകള്‍, ട്രാവല്‍ കൂടിയ സസ്‌പെന്‍ഷന്‍, വലിപ്പമേറിയ ഹാന്‍ഡില്‍ ബാര്‍ തുടങ്ങിയവ ഹോണ്ട എന്‍എക്‌സ്200-ല്‍ പ്രതീക്ഷിക്കാം.

Comments: 0

Your email address will not be published. Required fields are marked with *