Flash News

ബധിരസ്കൂളിലെ അധ്യാപകന് ഡെപ്യൂട്ടേഷൻ : പകരം നിയമനം ഉടൻ വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

അധ്യാപകൻ ഡെപ്യൂട്ടേഷനിൽ പോയ സാഹചര്യത്തിൽ ജഗതി ബധിര ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകാതിരിക്കാനുള്ള നടപടി സർക്കാർ ഉടൻ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

ഭാവിയിൽ സ്പെഷ്യൽ സ്കൂളുകളിലെ അധ്യാപകർക്ക് ഡപ്യൂട്ടേഷൻ അനുവദിക്കുന്ന അവസരത്തിൽ തന്നെ പകരം സംവിധാനമൊരുക്കണമെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു. പൊതു വിദ്യാഭ്യാസ സെക്രട്ടറിക്കാണ് ഉത്തരവ് നൽകിയത്.
ജഗതി ബധിര വിദ്യാലയത്തിലെ എച്ച് എസ് എസ് റ്റി അധ്യാപകനായ നാസർ അലക്കലിനാണ് ബി ആർ സി ട്രെയിനറായി ഡപ്യൂട്ടേഷൻ അനുവദിച്ചത്. നീണ്ട പരിശ്രമങ്ങൾക്കു ശേഷം ജഗതി ബധിര വിദ്യാലയത്തിൽ ഒഴിവുണ്ടായിരുന്ന 5 അധ്യാപക തസ്തികകളിലൊന്നിലാണ് നാസർ അലക്കൻ നിയമിതനായത്. പ്ലസ് ടു പരീക്ഷക്ക് തൊട്ടുമുമ്പ് അദ്ദേഹത്തിന് ഡപ്യൂട്ടേഷൻ അനുവദിച്ച് വിദ്യാർത്ഥികളെ പെരുവഴിയിലാക്കരുതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടെങ്കിലും ഡപ്യൂട്ടേഷൻ നൽകിയതായി പ്രാവച്ചമ്പലം സ്വദേശി കെ ശ്രീകുമാരൻ സമർപ്പിച്ച പരാതിയിൽ പറയുന്നു. പകരം അധ്യാപകനെ ഇതുവരെ നിയമിച്ചിട്ടില്ലെന്നും പരാതിയിൽ പറയുന്നു.
വിദ്യാർത്ഥികൾക്ക് തടസ്സമില്ലാതെ ക്ലാസ്സ് ലഭിക്കേണ്ടത് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവാദിത്വമാണെന്ന് കമ്മീഷൻ ഉത്തരവിൽ ചൂണ്ടിക്കാണിച്ചു. സ്പെഷ്യൽ സ്കൂളുകളിൽ ഉത്തരവാദിത്വം ഇരട്ടിക്കുന്നു. പരിശീലനം ലഭിച്ച ഒരധ്യാപകനെ മാറ്റുമ്പോൾ ഭിനനശേഷിക്കാരായ വിദ്യാർത്ഥികളുടെ ഭാവിക്ക് ദോഷമുണ്ടാകരുത് എന്ന കരുതൽ വിദ്യാഭ്യാസ വകുപ്പ് കാണിക്കണം. പകരം സംവിധാനം ഏർപ്പെടുത്താതെ അധ്യാപകന് വിടുതൽ നൽകിയെങ്കിൽ പ്രസ്തുത നിഷ്ക്രിയത്വം ഭിന്നശേഷി സ്കൂളിലെ വിദ്യാർത്ഥികളോട് കാണിച്ച അനീതിയാണെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് ചൂണ്ടിക്കാണിച്ചു.

Comments: 0

Your email address will not be published. Required fields are marked with *