കൊവിഡ് സംബന്ധിച്ച വ്യാജ വിവരങ്ങളുടെ പ്രധാന ഉറവിടം ഇന്ത്യയൊ..?

ലോകത്തില്‍ കൊവിഡ് സംബന്ധിച്ച വ്യാജ വിവരങ്ങളുടെ പ്രധാന ഉറവിടം ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. മഹാമാരിയുടെ ഒന്നരവര്‍ഷക്കാലത്ത് കൊവിഡ്  സംബന്ധിയായ തെറ്റായ വിവരങ്ങളുടെ പ്രചാരണത്തിലും ഉല്‍ഭവത്തിലും ഇന്ത്യയാണ് മുൻപന്തിയിൽ. പുറത്തുവരുന്ന ആറ് തെറ്റായ വിവരങ്ങളില്‍ ഒന്ന് ഇന്ത്യയില്‍ നിന്നാണെന്നാണ് സേജിന്‍റെ ഇന്‍റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ലൈബ്രറി അസോസിയേഷന്‍ നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നത്.

138 രാജ്യങ്ങളിലായി കൊവിഡ് സംബന്ധിച്ച് പ്രചരിക്കുന്ന 9657 വ്യാജ വിവരങ്ങളുടെ ഉറവിടം സംബന്ധിച്ച് കാനഡയിലെ ആല്‍ബെര്‍ട്ടാ സര്‍വ്വകലാശാലയുമായി സഹകരിച്ച് പഠനം നടന്നത്. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഈ വര്‍ഷം മാര്‍ച്ച് വരെ പ്രചരിച്ച ഇംഗ്ലീഷ്, ഇംഗ്ലീഷേതര പ്രചാരണങ്ങള്‍ സംബന്ധിച്ചായിരുന്നു പഠനം. അന്തര്‍ദേശീയ വസ്തുതാ പരിശോധക ഏജന്‍സികളില്‍ നിന്നാണ് പ്രചാരണങ്ങള്‍ സംബന്ധിച്ച വിവര ശേഖരണം നടന്നത്. സമൂഹമാധ്യമങ്ങളാണ് ഇത്തരം വ്യാജപ്രചാരണങ്ങളുടെ പ്രധാന വേദിയാവുന്നത്. തെറ്റായ പ്രചാരണങ്ങളുടെ 85 ശതമാനവും സമൂഹമാധ്യമങ്ങളിലൂടെയാണ് നടക്കുന്നത്.

രാജ്യങ്ങളുടെ കണക്കിലേക്ക് വരുമ്പോള്‍ കൊവിഡ് വ്യാജ പ്രചാരണങ്ങളില്‍ ഒന്നാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. വ്യാജവിവരങ്ങളില്‍ 18 ശതമാനവും ഇന്ത്യയിലാണ് പിറവിയെടുത്തത്. 9 ശതമാനത്തോടെ രണ്ടാം സ്ഥാനത്ത് ബ്രസീലും 8.6 ശതമാനത്തോടെ അമേരിക്കയുമാണ് മൂന്നാം സ്ഥാനത്തുള്ളത്. ഡിജിറ്റല്‍ വിവരങ്ങള്‍ സംബന്ധിച്ച ധാരണക്കുറവാണ് ഇത്തരം തെറ്റായ പ്രചാരണം വിശ്വസിക്കാന്‍ കാരണമാകുന്നതെന്നാണ് പഠനം വിശദമാക്കുന്നത്.  കൊവിഡ് മരണങ്ങള്‍ ഉയരുന്നതിന് ആനുപാതികമായി വ്യാജ വിവരങ്ങളുടെ പ്രചാരണത്തിലും ഉയര്‍ച്ചയുണ്ടായതായും പഠനം വിശദമാക്കുന്നു.

കൊവിഡ് വാക്സിന്‍ ശരീരത്തില്‍ കാന്തിക വസ്തുക്കളെ ഉരുവാക്കുന്നുവെന്നും, മൂക്കില്‍ നാരങ്ങാവെള്ളം ഒഴിച്ചാല് കൊറോണ വൈറസ് നശിക്കുമെന്നും, ഏലക്ക , കര്‍പ്പൂരം, ചോളം എന്നിവ പോക്കറ്റില്‍ സൂക്ഷിക്കുന്നത് കൊറോണയെ തുരത്തുമെന്നും അടക്കമുള്ള പ്രചാരണങ്ങളും ഇവയിൽ ഉൾപ്പെടുന്നു. 

Comments: 0

Your email address will not be published. Required fields are marked with *