Flash News

ഐ.എസ്.എൽ: ഈസ്റ്റ് ബംഗാളിനെ മൂന്നു ഗോളിന് തകർത്ത് എ.ടി.കെ

ഐഎസ്എല്ലിൽ എസ്.സി ഈസ്റ്റ് ബംഗാളിനെ തകർത്ത് എ.ടി.കെ മോഹൻ ബഗാൻ. എതിരില്ലാത്ത മൂന്നു ഗോളിനായിരുന്നു എടികെയുടെ ജയം.

മത്സരം ആരംഭിച്ച് 23 മിനിറ്റിനുള്ളിൽ തന്നെ എടികെ മൂന്നു ഗോളിന് മുന്നിലെത്തിയിരുന്നു. 12-ാം മിനിറ്റിൽ റോയ് കൃഷ്ണയാണ് ഗോളടി തുടങ്ങിവെച്ചത്. മൻവീർ സിങ് തുടങ്ങിവെച്ച ഒരു മുന്നേറ്റമാണ് ഗോളിൽ കലാശിച്ചത്. മൻവീർ നൽകിയ മികച്ചൊരു പാസ് സ്വീകരിച്ച പ്രീതം കോട്ടാൽ ബോക്സിലേക്ക് നൽകിയ പന്ത് മികച്ചൊരു വോളിയിലൂടെ കൃഷ്ണ വലയിലെത്തിച്ചു.

ആദ്യ ഗോളിന്റെ ഞെട്ടൽ മാറുംമുമ്പ് ഈസ്റ്റ് ബംഗാൾ വലയിൽ അടുത്ത ഷോട്ടുമെത്തി. 14-ാം മിനിറ്റിൽ ജോനി കൗകോ നൽകിയ ഒരു ത്രൂ പാസ് സ്വീകരിച്ച മൻവീർ സിങ്ങിന്റെ വലംകാലനടി ഗോളി അരിന്ദം ഭട്ടാചാര്യയ്ക്ക് യാതൊരു അവസരവും കൊടുക്കാതെ ബുള്ളറ്റുകണക്കെ വലയിലെത്തുകയായിരുന്നു.

ഇതിനിടെ ലിസ്റ്റൺ കൊളാസോയെ ജോയ്നർ ലൊറെൻസോ ഫൗൾ ചെയ്തതിന് എടികെ താരങ്ങൾ പെനാൽറ്റിക്കായി അപ്പീൽ ചെയ്തെങ്കിലും റഫറി അനുവദിച്ചില്ല.

23-ാം മിനിറ്റിൽ ലിസ്റ്റൺ തന്നെ ഈസ്റ്റ് ബംഗാൾ വലയിൽ പന്തെത്തിച്ചു. ഗോളി അരിന്ദം ഭട്ടാചാര്യയുടെ പിഴവാണ് ഗോളിന് വഴിയൊരുക്കിയത്. ബോക്സിന്റെ വലത് മുലയിലേക്ക് വന്ന പന്ത് പിടിക്കാനെത്തിയ അരിന്ദത്തിന് പിഴച്ചു. പന്ത് റാഞ്ചിയ ലിസ്റ്റന് അത് ഒഴിഞ്ഞ പോസ്റ്റിലേക്ക് തൊടുക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ.

മൂന്നു ഗോളുകൾ വീണതോടെ ഈസ്റ്റ് ബംഗാൾ പൂർണമായും പ്രതിരോധത്തിലേക്ക് തിരിഞ്ഞു. പരിക്കേറ്റ ഗോൾകീപ്പർ അരിന്ദം ഭട്ടാചാര്യ 33-ാം മിനിറ്റിൽ പരിക്കേറ്റ് പുറത്ത് പോയതും അവർക്ക് ക്ഷീണമായി. എങ്കിലും പിന്നീട് കൂടുതൽ ഗോളുകൾ വഴങ്ങാതെ മത്സരം അവസാനിപ്പിക്കാൻ ഈസ്റ്റ് ബംഗാൾ ടീമിനായി.

രണ്ടാം പകുതിയിലടക്കം മൂന്നിലേറെ അവസരങ്ങൾ പിന്നെയും എടികെയ്ക്ക് ലഭിച്ചെങ്കിലും അതൊന്നും ഗോളിലെത്തിക്കാൻ അവർക്കായില്ല.

Comments: 0

Your email address will not be published. Required fields are marked with *