ചെകുത്താന്‍ സേവക്കായി കുടുംബാംഗങ്ങളെ വകവരുത്തി; നന്തന്‍കോട് കൂട്ടക്കൊല കേസിലെ പ്രതി കേഡലിന് ഇനിയുള്ള ദിവസങ്ങൾ നിർണ്ണായകം

കേരളത്തെ ഞെട്ടിച്ച കൂട്ടക്കൊലകളിൽ ഒന്നായിരുന്നു ക്ലിഫ് ഹൗസിന് സമീപം നടന്ന നന്തന്‍കോട് കൂട്ടക്കൊല. അതീവ സുരക്ഷയുള്ള ക്ലിഫ്ഹൗസിന് സമീപമാണ് കേഡല്‍ അച്ഛനും അമ്മയും സഹോദരിയും അടക്കം നാലു പേരെ കൊലപ്പെടുത്തി കേഡൽ ജിൻസൺ രാജ തീയിട്ടത്. 2017 ലായിരുന്നു കേരളത്തെ ഞെട്ടിച്ച കൂട്ടക്കൊല നടന്നത്. നന്തന്‍കോട് കൂട്ടക്കൊല കേസില്‍ പ്രതിയായ കേഡല്‍ ജീന്‍സെന്‍ രാജയുടെ മെഡിക്കല്‍ റെക്കോര്‍ഡുകളും (മാനസിക ആരോഗ്യ ചികിത്സാ രേഖകള്‍) മെന്റല്‍ ഹെല്‍ത്ത് സെന്റര്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടും ഹാജരാക്കാന്‍ തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടിരിക്കുകയാണ്.

വീഡിയോ കോണ്‍ഫറന്‍സിലൂടെ റിമാന്റ് കാലാവധി ദീര്‍ഘിപ്പിക്കവേ ജഡ്ജി മിനി. എസ്. ദാസിന്റെ ചോദ്യത്തിന് മറുപടിയായി തന്റെ ചികിത്സ മാര്‍ച്ച്‌ 29 ന് ഏറെക്കുറെ പൂര്‍ത്തിയായതായി കേഡല്‍ ബോധിപ്പിച്ചു. തുടര്‍ന്നാണ് കോടതി രേഖകള്‍ ഹാജരാക്കാനും പ്രൊഡക്ഷന്‍ വാറണ്ടയക്കാനും ഉത്തരവിട്ടത്. വിചാരണ തടവുകാരനായ റിമാന്റ് പ്രതിയെ ഓഗസ്റ്റ് 9 ന് കോടതിയില്‍ ഹാജരാക്കാന്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് കോടതി ഉത്തരവിട്ടു. പ്രതി കോടതി നടപടികള്‍ മനസിലാക്കി വിചാരണ നേരിടാന്‍ ഉള്ള മാനസിക ശാരീരിക ആരോഗ്യ പ്രാപ്തിയുണ്ടെങ്കില്‍ മാത്രമേ പ്രതിയെ വിചാരണ ചെയ്യുകയുള്ളു. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 328 പ്രകാരം മെഡിക്കല്‍ സൂപ്രണ്ടിനെ വിസ്തരിച്ച്‌ മൊഴി രേഖപ്പെടുത്തിയും മെഡിക്കല്‍ രേഖകള്‍ അക്കമിട്ട് തെളിവില്‍ സ്വീകരിച്ചും പ്രതിക്ക് തനിക്കെതിരെയുള്ള കുറ്റാരോപണം വിചാരണയില്‍ കോടതി നടപടികള്‍ മനസ്സിലാക്കാനും പ്രതിരോധിക്കാനും പ്രാപ്തിയുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെടേണ്ടതുണ്ട്.

കൂടാതെ ചിത്ത രോഗിയായ പ്രിസണര്‍ കേസ് ഡിഫെന്റ് ചെയ്യാന്‍ പ്രാപ്തനാണെന്ന റിപ്പോര്‍ട്ട് വന്നാല്‍ ജയില്‍ ഐ ജിയുടെയും തടവുപുള്ളിയെ പാര്‍പ്പിച്ചിരുന്ന മെന്റല്‍ അസൈലത്തിലെ സന്ദര്‍ശകരുടെയും സാക്ഷ്യപത്രവും മൊഴികളും കോടതി തെളിവായി സ്വീകരിച്ചാണ് വകുപ്പ് 337 പ്രകാരം തുടര്‍നടപടി കൈക്കൊള്ളുക. തെളിവെടുപ്പില്‍ വിചാരണക്ക് പ്രതി യോഗ്യനല്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടാല്‍ ചിത്ത രോഗം ഭേദമായശേഷം മാത്രമേ പ്രതിക്കെതിരെ വിചാരണ പുനരാരംഭിക്കുകയുള്ളു. ക്രിമിനല്‍ നടപടി ക്രമത്തിലെ അദ്ധ്യായം 25 ലെ 328 മുതല്‍ 339 വരെയുള്ള വകുപ്പുകളാണ് ചിത്ത രോഗികളായ തടവു പുള്ളികളുടെ വിചാരണ നടപടിക്രമം വിവക്ഷിക്കുന്നത്.

2017 ഏപ്രില്‍ 5 നും 8 നും ഇടയ്ക്കുള്ള ദിവസങ്ങളില്‍ കുടുംബത്തിലെ ഒരംഗത്തെ പോലും ബാക്കി വെക്കാതെ കേഡല്‍ കൊടും ക്രൂരകൃത്യം ചെയ്തുവെന്നാണ് കേസ്. തന്റെ പിതാവ് തിരുവനന്തപുരം ഗവ. ജനറല്‍ ആശുപത്രി ഡോ. രാജ തങ്കം , മാതാവ് ഡോ. ജീന്‍ പത്മ , മകള്‍ ഡോ. കരോലിന്‍ , ഡോ. ജീന്‍പത്മയുടെ ബന്ധു ലളിത എന്നിവരെ മൃഗീയമായും പൈശാചികമായും കൊലപ്പെടുത്തിയെന്നാണ് കേസ്.

നാലു പേരെയും കൊല്ലപ്പെട്ട നിലയില്‍ വീട്ടിലെ ഒന്നാം നിലയില്‍ കണ്ടെത്തുകയായിരുന്നു. മൂന്നു പേരുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേത് കിടക്കയില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. മുറിക്കുള്ളില്‍ നിന്ന് 3 പേരുടെ അസ്ഥികൂടങ്ങളാണ് കണ്ടെത്തിയത്. ലളിതയുടെ മൃതദേഹത്തിലും പൊള്ളലേറ്റിരുന്നു. ഇവരെ വെട്ടിക്കൊല്ലുകയായിരുന്നു. കേഡല്‍ വിദേശ രാജ്യത്ത് എം.ബി.ബി.എസ് പഠനത്തിനായി പോയ വേളയില്‍ വിദേശത്ത് വച്ച്‌ ചെകുത്താന്‍ സേവ പഠിച്ചതായും ശരീരത്തില്‍ നിന്ന് ആത്മാവ് വേര്‍പെട്ടു പോകുന്നത് പരീക്ഷിച്ചു നോക്കാനായി വ്യക്തമായ പദ്ധതിയോടെ കൊലപാതകം നടത്തിയെന്നുമാണ് പൊലീസ് കേസ്.

2018 ലെ പൊലീസ് കുറ്റപത്രത്തിന്മേലുള്ള പ്രോസിക്യൂഷന്റെയും പ്രതിയുടെയും പ്രാരംഭവാദം കേള്‍ക്കാനും വിചാരണ നേരിടാനുള്ള മാനസിക , ശാരീരിക ആരോഗ്യ നില സംബന്ധിച്ച മെഡിക്കല്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചു വിലയിരുത്തുന്നതിനും പ്രതിയെ നേരില്‍ കേള്‍ക്കുന്നതിനും വേണ്ടിയാണ് കേഡലിനെ കോടതി വിളിച്ചു വരുത്തുന്നത്. കൊല്ലപ്പെട്ട കേഡലിന്റെ മാതാവ് ഡോ. ജീന്‍ പത്മയുടെ പേര്‍ക്ക് അവിവാഹിതനായ സഹോദരന്‍ ജോസ് സുന്ദരം എഴുതി വച്ച ധന നിശ്ചയാധാരം സഹോദരി കൊല്ലപ്പെട്ടതിനാല്‍ ആധാരം അസ്ഥിരപ്പെടുത്തി തന്റെ പേര്‍ക്കാക്കി പുനഃസ്ഥാപിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ജോസ് സമര്‍പ്പിച്ച സിവില്‍ കേസില്‍ കേഡലിനെ എക്സ് പാര്‍ട്ടിയാക്കി തിരുവനന്തപുരം മുന്‍സിഫ് കോടതി നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

സഹോദരന്‍ അവിവാഹിതനായതിനാല്‍ തലസ്ഥാന നഗരിയില്‍ തന്റെ പേര്‍ക്കുള്ള ഏഴ് സെന്റ് പുരയിടവും വീടും തന്നെ സ്‌നേഹിച്ചും ശുശ്രൂഷിച്ചും കഴിയുന്ന സഹോദരിക്ക് തന്നോടുള്ള ആശ്രിതവത്സല്യം പ്രതിഫലമാക്കിയും ഭാവി നന്മക്ക് വേണ്ടിയും ധന നിശ്ചയാധാരം സബ്ബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്ററാക്കി നല്‍കിയിരുന്നു. അന്നു തന്നെ തനിക്ക് പ്രതിമാസം പതിനയ്യായിരം രൂപ വീതം ജീവനാംശച്ചെലവ് സഹോദരി തരണമെന്ന ഒരു കരാറും ഉണ്ടാക്കി. ഹിന്ദു നിയമപ്രകാരം മാതൃ – പിതൃ ഹത്യ ചെയ്യുന്നവര്‍ക്ക് സ്വത്തുക്കളില്‍ പിന്തുടര്‍ച്ച അവകാശം ലഭിക്കില്ല. അതിനാല്‍ കൂടിയാണ് കേഡലിനെ പ്രതിയാക്കി ജോസ് കേസ് ഫയല്‍ ചെയ്തത്.

Comments: 0

Your email address will not be published. Required fields are marked with *