നാല് വര്‍ഷത്തിനിടയില്‍ 1738 ബോധവത്കരണ പരിപാടികളുമായി കേരള വനിതാ കമ്മിഷന്‍

കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ വിവിധ പദ്ധതികളിലായി 1738 ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ച് കേരള വനിതാ കമ്മിഷന്‍. സ്ത്രീകളുമായി ബന്ധപ്പെട്ട വൈവിധ്യമായ പ്രശ്‌നങ്ങളില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായാണ് കേരള വനിതാ കമ്മിഷന്‍ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിവരുന്നത്. ഓരോ വര്‍ഷവും പതിനായിരത്തിലേറെപേര്‍ ബോധവത്കരണ പരിപാടികളില്‍ പങ്കാളികളാകുന്നുണ്ട്. സെമിനാറുകള്‍, ജാഗ്രതാ സമിതി പരിശീലനം, വിവാഹ പൂര്‍വ കൗണ്‍സലിങ്, കലാലയ ജ്യോതി എന്നിങ്ങനെ വ്യത്യസ്ത പരിപാടികളാണ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ക്കായി വനിതാ കമ്മിഷന്‍ സംഘടിപ്പിച്ചുവരുന്നത്.

2017-2021 കാലയളവില്‍ വിവിധ വിഷയങ്ങളില്‍ 594 സെമിനാറുകളാണ് സംഘടിപ്പിച്ചത്. 2017-21-ല്‍ 91 വിവാഹപൂര്‍വ കൗണ്‍സലിങും, 137 ജാഗ്രതാ സമിതി പരിശീലനങ്ങളും 916 കലാലയജ്യോതി പരിപാടികളും സംഘടിപ്പിച്ചു. സ്ത്രീധന നിരോധന നിയമം, വിവാഹനിയമങ്ങള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍, സൈബര്‍ നിയമങ്ങള്‍, പോക്‌സോ നിയമങ്ങള്‍, ഗാര്‍ഹിക പീഡനത്തില്‍ നിന്നും സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമം, ഭരണഘടനാപരമായ സ്ത്രീയുടെ അവകാശങ്ങള്‍, പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന പീഡനങ്ങളും അതില്‍നിന്ന് രക്ഷനേടാനുമുള്ള മാര്‍ഗങ്ങളും, വിവാഹിതരാകുമ്പോള്‍ ഉഷ്മളമായ സ്‌നേഹബന്ധം ഊട്ടിയുറപ്പിക്കാനുള്ള മനഃശാസ്ത്രപരമായ സമീപനത്തിന്റെ ആവശ്യകത, വനിതാ കമ്മിഷന്‍ നിയമം തുടങ്ങിയവയായിരുന്നു സെമിനാറിലെ വിഷയങ്ങള്‍. 2017-18 വര്‍ഷത്തില്‍ 146 സെമിനാറും 2018-19 വര്‍ഷത്തില്‍ 180 സെമിനാറുമാണ് സംഘടിപ്പിച്ചത്. 2019-2020, 2020-21 വര്‍ഷങ്ങളിലായി യഥാക്രമം 148, 117 വീതം സെമിനാറുകളാണ് സംഘടിപ്പിച്ചയത്. കൊറോണ മഹാമാരിയുടെ പ്രതികൂല സാഹചര്യമായിരുന്നിട്ടുകൂടി 2020-21 വര്‍ഷത്തില്‍ 117 സെമിനാറുകളും 48 ജാഗ്രതാ സമിതി പരിശീലനവും 22 വിവാഹപൂര്‍വ കൗണ്‍സലിങും 245 കലാലയജ്യോതി പരിപാടികളും ഉള്‍പ്പെടെ 432 പരിപാടികള്‍ സംഘടിപ്പിക്കാന്‍ വനിതാ കമ്മിഷനു കഴിഞ്ഞു.‌

Comments: 0

Your email address will not be published. Required fields are marked with *