Flash News

ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ്: മുന്നൊരുക്കങ്ങള്‍ വിലയിരുത്തി കേന്ദ്ര കായികമന്ത്രി

ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിന് മുന്നോടിയായി കേന്ദ്ര യുവജനകാര്യ, കായിക വകുപ്പ് മന്ത്രി അനുരാഗ് താക്കൂറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം മുന്നൊരുക്കങ്ങൾ അവലോകനം ചെയ്തു. ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ക്യാമ്പസിലെത്തിയ കേന്ദ്രമന്ത്രിയെ ചാൻസിലർ ഡോ. ചെൻരാജ് റോയ്ചന്ദ് സ്വീകരിച്ചു. തുടർന്ന് മന്ത്രി യൂണിവേഴ്സിറ്റി അധികൃതരുമായി കൂടിക്കാഴ്ച നടത്തി പ്രവർത്തന പുരോഗതികൾ വിലയിരുത്തുകയും ചെയ്തു.

ഗെയിംസ്  മികച്ച രീതിയിൽ സംഘടിപ്പിക്കുന്നതിന് വേണ്ടി കർണാടക സർക്കാരും  കേന്ദ്ര യുവജനകാര്യ- കായിക വകുപ്പും  നൽകുന്ന പിന്തുണയ്ക്ക് യൂണിവേഴ്സിറ്റി ചാൻസിലർ നന്ദി രേഖപ്പെടുത്തി. ദേശിയ അന്തർദേശിയ തലങ്ങളിൽ വിവിധ കായിക വിഭാഗങ്ങളിലായി വരാനിരിക്കുന്ന മത്സരങ്ങളിൽ ഇന്ത്യയുടെ പങ്കാളിത്തം വർദ്ധിപ്പിക്കുകയെന്ന ജെയിൻ യൂണിവേഴ്സിറ്റിയുടെ പ്രധാന വീക്ഷണം കൂടിക്കാഴ്ചയിൽ ചാൻസിലർ പങ്കുവെച്ചു. രാജ്യത്തിന്റെ കീർത്തി വർദ്ധിപ്പിക്കുകയെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിൽ യൂണിവേഴ്സിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം ഗെയിംസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ്, നാഷണൽ സ്പോർട്സ് ഫെഡറേഷൻസ്, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രാദേശിക കേന്ദ്രം എന്നിവ മികച്ച പിന്തുണയും കൃത്യമായ മാർഗനിർദേശങ്ങളുമാണ് നൽകുന്നതെന്നും പറഞ്ഞു.

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഒളിമ്പ്യൻ അധിതി അശോക്, ശ്രീഹരി നടരാജ് എന്നിവർ ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയിലെ പൂർവ്വവിദ്യാർത്ഥികളാണെന്നതിൽ സന്തോഷം പ്രകടിപ്പിച്ച മന്ത്രി മികച്ച കായിക പ്രതിഭകളെ വാർത്തെടുക്കുന്നതിൽ യൂണിവേഴ്സിറ്റിയുടെ പങ്കിനെ അഭിനന്ദിക്കുകയും ചെയ്തു.

മന്ത്രിയോടൊപ്പം സ്പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറൽ സന്ദീപ് പ്രധാൻ, സായ് റീജിയണൽ ഡയറക്ടർ റിതു പതിക് എന്നിവരുമുണ്ടായിരുന്നു.

ഫോട്ടോ ക്യാപ്ഷൻ- ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയിലെത്തിയ കേന്ദ്രമന്ത്രി അനുരാഗ് താക്കുറിനെ ചാൻസിലർ ഡോ. ചെൻരാജ് റോയ്ചന്ദ് സ്വീകരിക്കുന്നു.

Comments: 0

Your email address will not be published. Required fields are marked with *