Flash News

നോളജ് വില്ലേജിന്റെ റാന്നി മോഡല്‍ സംസ്ഥാനത്ത് ഉടനീളം നടപ്പിലാക്കും: സ്പീക്കര്‍ എംബി രാജേഷ്

നോളജ് വില്ലേജിന്റെ റാന്നി മോഡല്‍ സംസ്ഥാനത്ത് ഉടനീളം നടപ്പിലാക്കുമെന്ന് നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ്. റാന്നിയിലെ നോളജ് വില്ലേജിന്റെ ഭാഗമായ നോളജ് അസംബ്ലി വളയനാട്ട് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

റാന്നിയിലെ നോളജ് വില്ലേജ് സംസ്ഥാനതലത്തില്‍ ശ്രദ്ധേയമാകും. തൃത്താല മണ്ഡലത്തിലും പദ്ധതി നടപ്പാക്കും. കേരളം നോളജ് എക്കണോമിയായി മാറാനുള്ള ശ്രമത്തിലാണ്. മനുഷ്യ മൂലധനമാണ് കേരളത്തിന്റെ ഏറ്റവും വലിയ ആസ്തി. വിജ്ഞാന സമൂഹമായി കേരളത്തെ മാറ്റുന്നതിന്റെ ആദ്യ ഘട്ടമാണ് റാന്നിയില്‍ നടപ്പാകുന്നത്. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടക്കുന്ന നോളജ് വില്ലേജ് പരിപാടിയുടെ ലക്ഷ്യമെന്താണെന്ന് വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്. ലക്ഷ്യത്തിലെത്താനുള്ള മാര്‍ഗമെന്താണെന്ന് കണ്ടെത്തിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ബഹുദൂരം മുന്നിലാണ്.

ഓണ്‍ലൈന്‍ വിദ്യാഭ്യാസ രംഗത്ത് കേരളം ഒരുപാട് മുന്നിലാണ്. എല്ലാവരിലും ഓണ്‍ലൈന്‍ വിദ്യാഭ്യാസം എത്തിച്ചേര്‍ന്നു. ഇനി പൂര്‍ണമായും പഴയ വിദ്യാഭ്യാസ സംവിധാനമല്ല സാധ്യമാകാന്‍ പോകുന്നത്. ഓണ്‍ലൈന്‍ സാധ്യത കൂടി ഉപയോഗപ്പെടുത്തിയാവും ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍. ശാസ്ത്രീയമായ രീതിയില്‍ വായനാ ശീലം വര്‍ധിപ്പിക്കാന്‍ കുട്ടികള്‍ ആരംഭിച്ചു. പ്രീ- പ്രൈമറി തലം മുതല്‍ ഉന്നത വിദ്യാഭ്യാസം വരെയുള്ള വിദ്യാര്‍ഥികളെ ലക്ഷ്യം വച്ചാണ് എഡ്യു കെയര്‍, നോളജ് വില്ലേജ് പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ചോദ്യം ചെയ്യുന്ന തലമുറയാണ് നമുക്കുള്ളത്. ചോദ്യം ചെയ്യുന്ന തലമുറയാണ് അറിവിന്റെ വളര്‍ച്ചയ്ക്ക് കാരണമാകുന്നതും നാടിനെ മുന്നോട്ട് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നോളജ് വില്ലേജിനായി ടോണി തോമസ് നിര്‍മിച്ച ലോഗോയുടെ പ്രകാശനവും എംഎല്‍എ എഡ്യു കെയര്‍ പരിപാടിയുടെ ഭാഗമായി സ്റ്റുഡന്റ് കെയര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ലോഞ്ചിംഗും നിയമസഭാ സ്പീക്കര്‍ നിര്‍വഹിച്ചു. നിയോജക മണ്ഡലത്തിലെ മുഴുവന്‍ സ്‌കൂളുകളുടെയും പഠന – പഠനേതര പ്രവര്‍ത്തനങ്ങള്‍ ഒരേ പദ്ധതിയിലൂടെ മെച്ചപ്പെടുത്താന്‍ കഴിയും എന്നതാണ് എംഎല്‍എ എഡ്യു കെയര്‍ പരിപാടിയുടെ ഭാഗമായ സ്റ്റുഡന്റ് കെയര്‍ മൊബൈല്‍ ആപ്ലിക്കേഷന്റെ പ്രത്യേകത. ചടങ്ങിന് ശേഷം സ്പീക്കര്‍ കുട്ടികളുമായി സംവദിച്ചു.

അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, എസ്‌ഐഇടി ഡയറക്ടര്‍ ബി. അബുരാജ്, ഡിഡിഇ ഇന്‍ ചാര്‍ജ് രേണുക ഭായി, പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനില്‍കുമാര്‍, നോളജ് വില്ലേജ് കോ-ഓര്‍ഡിനേറ്റര്‍മാരായ റോണി ജെയിന്‍ രാജു, ഡോ. സന്തോഷ് കെ.ബാബു, രാജേഷ് വള്ളിക്കോട്, കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രി പ്രതിനിധി ജെ.സി. ജോസഫ്, പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്‌കൂള്‍ വിദ്യാഭ്യാസം മികവാര്‍ന്നതാക്കാന്‍ സഹായകരമാകുന്ന ആശയങ്ങള്‍ രൂപീകരിക്കുന്നതിനായി സംഘടിപ്പിച്ച നോളജ് അസംബ്ലിയില്‍ വിദ്യാഭ്യാസ വിദഗ്ധര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

സ്പീക്കറുമായൊരു സംവാദം

വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ നാടിന് നിരവധി പ്രഗത്ഭരെ ലഭ്യമായിട്ടുണ്ടെന്നും മികവിന് തടസം വിദ്യാര്‍ഥി പ്രസ്ഥാനങ്ങളല്ലെന്നും സ്പീക്കര്‍ പറഞ്ഞു. റാന്നിയിലെ നോളജ് വില്ലേജിന്റെ ഭാഗമായ നോളജ് അസംബ്ലിയില്‍ കുട്ടികളുടെ ചോദ്യത്തിന് മറുപടി നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിവ് തെളിയിക്കേണ്ടവര്‍ ഏത് രംഗത്തായാലും അവ തെളിയിക്കും. കേരള നിയമസഭയില്‍ പ്രമോദ് നാരായണ്‍ ഉള്‍പ്പെടെ 54 പേര്‍ പുതുമുഖ എംഎല്‍എമാരാണ്. മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്ന നിയമസഭയാണ് സംസ്ഥാനത്തിനുള്ളത്. ഏറ്റവും നല്ല സംവാദം നടക്കുന്നത് നമ്മുടെ നിയമസഭയിലാണ്. എംഎല്‍എമാര്‍ക്കിടയില്‍ മത്സരബുദ്ധിയുള്ളതിനാല്‍ ശരിയായ രീതിയില്‍ ബില്ലുകള്‍ പഠിക്കുന്ന ശീലമുണ്ട്. അത്തരത്തിലുള്ള ഒരാളാണ് റാന്നി മണ്ഡലത്തിന്റെ എംഎല്‍എ.

ചോദ്യങ്ങള്‍ ചോദിക്കാനുള്ള കഴിവ് കുട്ടികള്‍ക്ക് നന്നായുണ്ട്. കുട്ടികളുടെ ആവശ്യപ്രകാരം സംസ്ഥാന തലത്തില്‍ മോഡല്‍ പാര്‍ലമെന്റ് പുനസ്ഥാപിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ സ്തംഭനങ്ങള്‍ നിയമ നിര്‍മാണത്തെ ബാധിക്കാറുണ്ട്. പ്രതിഷേധം ഉണ്ടാകാറുണ്ടെങ്കിലും കേരള നിയമസഭ ഇതുവരെ നിര്‍ത്തി വയ്ക്കുകയോ സ്തംഭിക്കുകയോ ചെയ്തിട്ടില്ല. പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണ്ടി വന്നിട്ടുമില്ല. കൗമാരക്കാരില്‍ കണ്ടുവരുന്ന ലഹരി ഉപയോഗം തടയാന്‍ സമൂഹം കൂടി ഇടപെടണമെന്ന് സ്പീക്കര്‍ പറഞ്ഞു. കൗമാരക്കാരക്കാരുടെ മാനസിക- ശാരീരിക ആരോഗ്യം ഉറപ്പുവരുത്തണം. ഏതെങ്കിലും കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം ലഭ്യമാകാത്ത സാഹചര്യമുണ്ടെങ്കില്‍ അവ പരിഹരിക്കും. ഇതിനായി ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംവാദത്തിന് ശേഷം നിയമസഭാ ലൈബ്രറിയുടെ നൂറാം വാര്‍ഷികത്തില്‍ പങ്കാളികളാകാന്‍ സ്പീക്കര്‍ കുട്ടികളെ നിയമസഭയിലേക്ക് ക്ഷണിച്ചു. ‘എംഎല്‍എയ്‌ക്കൊപ്പം കുട്ടികള്‍ നിയമസഭയിലേക്ക് ‘ എന്ന പരിപാടിയായി സംഘടിപ്പിച്ച് കുട്ടികളെ നിയമസഭയില്‍ എത്തിക്കുമെന്ന് പ്രമോദ് നാരായണ്‍ എംഎല്‍എ സ്പീക്കര്‍ക്ക് ഉറപ്പും നല്‍കി.

Comments: 0

Your email address will not be published. Required fields are marked with *