ബൈക്ക് പറപ്പിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നവരാണോൽ; പണി വരുന്നുണ്ട്!!!

റോഡിലൂടെ അമിത വേഗത്തിൽ ബൈക്കുമായി പറന്നു നടക്കുന്നവർക്ക് ഇനി പിടി വീഴും. മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നിങ്ങളുടെ പിന്നാലെയുണ്ട്. ചങ്ങനാശേരിയിൽ ഉണ്ടായ അപകടത്തെ തുടർന്ന് സംസ്ഥാനത്ത് മത്സര ഓട്ടം നടത്തുന്നവരെ പിടിക്കാനായി ട്രാൻസ്പോർട്ട് കമ്മിഷണർ നിർദേശം നൽകി ആരംഭിച്ച ‘ ഓപ്പറേഷൻ റാഷ്’ കൊല്ലം ജില്ലയിൽ തുടങ്ങി. ജില്ലാ ആർടി ഓഫിസും സേഫ് കേരള എൻഫോഴ്സ്മെന്റ് ടീമും ചേർന്നാണ് പരിശോധനകൾ നടത്തുന്നത്. യുവാക്കൾ അപകടകരമായ സ്റ്റണ്ടിങ്, റൈഡിങ് നടത്തുന്നതും ഇവ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതും ജില്ലയിൽ പതിവാണ്.

ഇത്തരത്തിൽ ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തിട്ടുള്ള വീഡിയോകൾ ശേഖരിച്ചു കൊണ്ടാണ് ഇവരെ പിടികൂടുന്നത്. ലക്ഷങ്ങൾ വിലയുള്ള ബൈക്കിൽ 40000 രൂപ വരെ മുടക്കിയാണ് ഇവർ വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നത്.നമ്പർ പ്ലേറ്റ് ഉപയോഗിക്കാതിരിക്കുക, സൈലൻസർ ഉപയോഗം തുടങ്ങിയ കുറ്റകൃത്യങ്ങൾ വർധിച്ചു. ഓപ്പറേഷൻ റാഷിന്റെ ഒന്നാം ദിവസം 70 കേസുകളും ഇന്നലെ 110 കേസുകളുമെടുത്തു.കപ്പലണ്ടി മുക്ക്,ഹൈസ്കൂൾ ജംക്‌ഷൻ,പനവേലി, വാളകം സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.

ആർടിഒ എ.കെ.ദിലു, കൊട്ടാരക്കര ജോയിന്റ് ആർടിഒ സുരേഷ്,പുനലൂർ ജോയിന്റ് ആർടിഒ ഷോയി വർഗീസ്, കുന്നത്തൂർ ജോയിന്റ് ആർടിഒ അനിൽ, കരുനാഗപ്പളളി ‍ജോയിന്റ് ആർടിഒ അൻസാരി,എംവിഐമാരായ സുനിൽ കുമാർ,സുമോദ് സഹദേവൻ, അശോക് തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നവരെ പിഴ അടച്ച് മാത്രം രക്ഷപ്പെടാൻ അനുവദിക്കില്ല. പകരം കേസുകൾ ഇ–കോടതിയിലേക്ക് മാറ്റുകയാണ്. ഒന്നിലേറെ തവണ ഗതാഗത നിയമ ലംഘനത്തിന് ഇ–കോടതി കയറേണ്ടി വന്നാൽ ശിക്ഷ വർധിക്കും. ലൈസൻസ് റദ്ദാക്കുന്ന നടപടികൾ വരെ സ്വീകരിക്കാൻ സാധ്യതയുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *