അമ്മയും കുഞ്ഞും ഇനി സൂപ്പറാകട്ടെ: കെ.എസ്.ആര്‍.ടി.സി. ബസ് ബ്രാന്‍ഡിംഗ്

ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി മുലയൂട്ടലിന്റെ സന്ദേശങ്ങള്‍ സംസ്ഥാനമാകെ പ്രചരിപ്പിക്കുന്നതിന് വനിത ശിശുവികസന വകുപ്പ് സംഘടിപ്പിക്കുന്ന കെ.എസ്.ആര്‍.ടി.സി. ബസ് ബ്രാന്‍ഡിംഗിന്റെ ഫ്‌ളാഗ് ഓഫ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. എല്ലാ ജില്ലകളിലും കെ.എസ്.ആര്‍.ടി.സി. ബസ് ബ്രാന്റിംഗ് ചെയ്യുന്നതാണ്.

‘മുലയൂട്ടല്‍ പരിരക്ഷണം ഒരു കൂട്ടായ ഉത്തരവാദിത്തം’ (Protect Breast feeding – a Shared Responsibility) എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ലോകമുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങളാണ് വനിതാ ശിശു വികസന വകുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. കുഞ്ഞു ജനിച്ച് ആദ്യ ഒരു മണിക്കുറിനുള്ളില്‍ മുലപ്പാല്‍ നല്‍കുന്നതിന്റെ പ്രാധാന്യത്തെപ്പറ്റിയും 6 മാസം വരെ മുലപ്പാല്‍ മാത്രം നല്‍കുന്നതിനെപ്പറ്റിയും തുടര്‍ന്ന് മറ്റു പോഷകാഹാരത്തോടൊപ്പം മുലപ്പാല്‍ നല്‍കുന്നതിന്റെ ആവശ്യകതയെപ്പറ്റിയും അങ്കണവാടി പ്രവര്‍ത്തകര്‍ മുഖേന കേരളമൊട്ടാകെ ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നു.

അങ്കണവാടി വര്‍ക്കര്‍മാര്‍ വഴി സാമൂഹികാധിഷ്ഠിത പരിപാടികള്‍, ഓണ്‍ലൈന്‍, വാട്‌സാപ്പ്, ടെലി കോണ്‍ഫറന്‍സ് കോള്‍ മുഖേനയുള്ള ലൊക്കേഷന്‍ കൗണ്‍സിലിംഗ്, ഗര്‍ഭിണികള്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ എടുക്കുന്നതിന്റെ ആവശ്യകതയെപ്പറ്റിയുള്ള ബോധവല്‍കരണ പരിപാടികള്‍ എന്നിവയും സംഘടിപ്പിച്ചു വരുന്നു. 4 ലക്ഷം വരുന്ന ഗുണഭോക്താക്കളിലെങ്കിലും ഈ സന്ദേശങ്ങള്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ 158 ന്യൂട്രീഷ്യന്‍ ക്ലിനിക്കുകള്‍ വഴി ന്യൂട്രീഷ്യനിസ്റ്റിന്റേയും ശിശുരോഗ വിദഗ്ധന്റേയും കണ്‍സള്‍ട്ടേഷനും ടെലി കൗണ്‍സിലിംഗും സംഘടിപ്പിച്ചു വരുന്നു. മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുവാന്‍ പൊതുയിടങ്ങളില്‍ ബ്രസ്റ്റ് ഫീഡിംഗ് പോടുകള്‍ സ്ഥാപിച്ച് മാതൃ-ശിശു സൗഹാര്‍ദ്ദമാക്കുവാന്‍ വേണ്ടിയുള്ള നടപടികളും സ്വീകരിച്ചു വരുന്നു.

Comments: 0

Your email address will not be published. Required fields are marked with *