450 റാലി ഫാക്ടറി റെപ്ലിക്ക ലിമിറ്റഡ് എഡിഷന്‍ ബൈക്ക് അവതരിപ്പിച്ച് കെടിഎം

450 റാലി ഫാക്ടറി റെപ്ലിക്ക എന്ന ഒരു ലിമിറ്റഡ് എഡിഷന്‍ ബൈക്കിനെ ഓസ്ട്രിയന്‍ സ്‌പോര്‍ട്സ് ബൈക്ക് നിര്‍മാതാക്കളായ കെടിഎം അവതരിപ്പിച്ചതായി ‘കാര്‍ ആന്‍ഡ് ബൈക്ക്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡാകര്‍ റാലി പോലുള്ള പരിപാടികളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്തിരിക്കുന്ന ബൈക്കാണ് 2022 450 റാലി ഫാക്ടറി റെപ്ലിക്ക. റെഡ് ബുള്‍ റേസിംഗ് ടീമിന്റെ സഹായത്താലാണ് കെടിഎം ഈ റാലി മോട്ടോര്‍സൈക്കിള്‍ വികസിപ്പിച്ചിരിക്കുന്നത്. ഈ മോഡലിന്റെ വെറും 80 യൂണിറ്റുകള്‍ മാത്രമേ വില്‍ക്കുകയുള്ളൂ എന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

പൂര്‍ണമായും ക്രമീകരിക്കാവുന്ന WP XACT PRO ഷോക്ക് അബ്‌സോര്‍ബര്‍, നൂതന കോണ്‍ വാല്‍വ് സാങ്കേതികവിദ്യ, ഉയര്‍ന്ന നിലവാരമുള്ള അക്രാപ്വിക് എക്സ്ഹോസ്റ്റ് എന്നിവ ഉള്‍ക്കൊള്ളുന്ന WP XACT PRO കാര്‍ട്രിഡ്ജ് ഫ്രണ്ട് ഫോര്‍ക്കാണ് 450 റാലി ഫാക്ടറി റെപ്ലിക്കയില്‍ ലഭിക്കുക. ഇലക്ട്രോണിക് ഇന്‍ജക്ഷന്‍ യൂണിറ്റുള്ള 450 സിസി SOHC സിംഗിള്‍ – ഷാഫ്റ്റാണ് എന്‍ജിന്‍ എന്നാണ് സൂചന.

മരുഭൂമിയിലെ മണല്‍ക്കൂനകള്‍ മുതല്‍ പാറക്കെട്ടുകള്‍ വരെയുള്ള ഏറ്റവും തീവ്രമായ സാഹചര്യങ്ങള്‍ വരെ എളുപ്പത്തില്‍ താണ്ടാന്‍ 2022 റാലി ഫാക്ടറി റെപ്ലിക്കയ്ക്ക് കഴിയും. 2021 സെപ്റ്റംബര്‍ മുതല്‍ മാത്രമേ ബൈക്കിന്റെ നിര്‍മ്മാണം കമ്പനി ആരംഭിക്കുകയുള്ളു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Comments: 0

Your email address will not be published. Required fields are marked with *