Flash News

കുട്ടനാട് തകര്‍ന്നടിയുന്നു; അടിയന്തര സഹായം എത്തിക്കണമെന്ന് ഉമ്മന്‍ ചാണ്ടി

മഹാപ്രളയകാലത്ത് ഉണ്ടായതിനേക്കാള്‍ കനത്ത നാശനഷ്ടം സംഭവിച്ച കുട്ടനാട് മേഖലയില്‍ അടിന്തര സഹായം എത്തിച്ചില്ലെങ്കില്‍ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും തകര്‍ന്നടിയുമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൃഷിമന്ത്രി പി പ്രസാദിന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

അതിരൂക്ഷമായ വേനല്‍ മഴയെത്തുടര്‍ന്ന് കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ വ്യാപകമായ കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. കൊയ്ത്തിന് തയാറെടുപ്പുകള്‍ നടത്തുന്ന അവസരത്തില്‍ തികച്ചും അപ്രതീക്ഷിതമായി കാലം തെറ്റിവന്ന വേനല്‍മഴ കര്‍ഷകരെ ആശങ്കയിലാക്കിയിരിക്കുകയാണെന്ന് അവിടം സന്ദര്‍ശിച്ച ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആകെ നിരാശയിലായ കര്‍ഷകരും തൊഴിലും വരുമാനവും നഷ്ടപ്പെട്ട കര്‍ഷക തൊഴിലാളികളും പട്ടിണിയുടെ പടിവാതില്‍ക്കലാണ്.

എടത്വാ മേഖലയിലെ (1) വൈപ്പിനിശ്ശേരി പാടശേഖരം (138 ഏക്കര്‍), (2) വൈപ്പിനിശ്ശേരി-2 (50 ഏക്കര്‍), (3) ഇടപുറക്കരി (325 ഏക്കര്‍), (5) കൊച്ചറവേലി പാടം (90 ഏക്കര്‍), (6) പുത്തന്‍ വരമ്പിനകം (350 ഏക്കര്‍) തുടങ്ങി നിരവധി പാടശേഖരങ്ങളിലെ നെല്‍കൃഷി പൂര്‍ണ്ണമായും നശിച്ചു. കൊയ്ത്തു യന്ത്രങ്ങളുടെ ദൗര്‍ലഭ്യവും കൊയ്യാനുള്ള പ്രയാസവും സ്ഥിതിഗതി രൂക്ഷമാക്കി. കൊയ്യാറായ നെല്‍മണികള്‍ കൊഴിഞ്ഞുവീണതും കിളിര്‍ത്തതും മൂലം എല്ലാ മേഖലകളിലും നഷ്ടം പൂര്‍ണ്ണമാണ്.

ഓണ്‍ലൈന്‍ തകറാറും പരിചയക്കുറവും മൂലം 70% കര്‍ഷകര്‍ക്കും കൃഷി ഇന്‍ഷ്വര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. പാടശേഖരങ്ങള്‍ ഒന്നായി ഇന്‍ഷ്വര്‍ ചെയ്യുന്ന സമ്പ്രദായത്തിന് പകരം ഓരോ കൃഷിക്കാരും പ്രതേ്യകം കൃഷി ഇന്‍ഷ്വര്‍ ചെയ്യണമെന്ന പുതിയ വ്യവസ്ഥമൂലം നിരവധി കര്‍ഷകര്‍ക്ക് ഇന്‍ഷ്വറന്‍സ് കവറേജ് ലഭിച്ചില്ല.

കൃഷിചെലവ് ഏക്കറിന് 50,000 രൂപയില്‍ അധികമായ സാഹചര്യത്തില്‍ നഷ്ടപരിഹാര തോത് വര്‍ദ്ധിപ്പിപ്പിക്കുക, കൊയ്ത്തു യന്ത്രങ്ങള്‍ ലഭ്യമാക്കുക. മുന്‍കാലങ്ങളിലെ നഷ്ടപരിഹാര തുകയും സബ്‌സിഡി ആനുകൂല്യങ്ങളും ഇപ്പോഴത്തെ നഷ്ടപരിഹാര തുകയും ഉടനേ ലഭ്യമാക്കുക തുടങ്ങിയ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണം. ഇന്‍ഷ്വറന്‍സ് ഇല്ലാത്തവര്‍ക്ക് ഈ തവണ നഷ്ടപരിഹാരം നല്‍കണമെന്നും നെല്ല് സംഭരണത്തിലെ കിഴിവ് നിര്‍ത്തലാക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

തൊഴില്‍നഷ്ടം മൂലം വരുമാന ചോര്‍ച്ച നേരിടുന്ന കര്‍ഷക തൊഴിലാളികള്‍ക്കും സാമ്പത്തിക സഹായം നല്‍കുകയും വ്യക്തിഗത ഇന്‍ഷ്വറന്‍സിന് പകരം പാടശേഖര സമിതി ഒന്നിച്ച് ഇന്‍ഷ്വര്‍ ചെയ്യുന്ന രീതി പുന:സ്ഥാപിക്കുകയും വേണം.

പുറം ബുണ്ടുകള്‍ ബലപ്പെടുത്തി രണ്ട് കൃഷി ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുക, കാലാവസ്ഥാ വ്യതിയാനം അനുസരിച്ച് കാര്‍ഷിക കലണ്ടര്‍ പരിഷ്‌കരിക്കുക, നെല്ല് സംഭരണം ഊര്‍ജ്ജിതമാക്കുക, തണ്ണീര്‍മുക്കം ഷട്ടര്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, വേമ്പനാട്ട് കായലിലെയും ജലാശയങ്ങളിലെയും തോട്ടപ്പള്ളി ലീഡിംഗ് ചാനലിലെയും മണലും ചെളിയും നീക്കം ചെയ്യുക, എ.സി. കനാല്‍ പള്ളാത്തുരുത്തി വരെ തുറക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുക, കര്‍ഷക തൊഴിലാളികള്‍ക്ക് ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉമ്മന്‍ ചാണ്ടി ഉന്നയിച്ചു.

കൊടിക്കുന്നില്‍ സുരേഷ് എം.പി., മുന്‍ മന്ത്രി കെ.സി. ജോസഫ്. ഡി.സി.സി. പ്രസിഡന്റ് ബാബു പ്രസാദ് എന്നിവരോടൊപ്പമാണ് ഉമ്മന്‍ ചാണ്ടി പാടശേഖരങ്ങള്‍ സന്ദര്‍ശിച്ചത്.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *