കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി; വീണ്ടും യൂണിയനുകളെ കുറ്റപ്പെടുത്തി ഗതാഗത മന്ത്രി
കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ വീണ്ടും യൂണിയനുകളെ കുറ്റപ്പെടുത്തി ഗതാഗത മന്ത്രി ആന്റണി രാജു. സര്‍ക്കാരിന്റെ ഉറപ്പ് വിശ്വസിക്കാതെ പണിമുടക്കിയവര്‍ തന്നെ പ്രശ്നം പരിഹരിക്കണം. സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി നേട്ടമുണ്ടാക്കേണ്ടെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘സമരത്തിലേക്ക് പോയി പ്രതിസന്ധി മൂര്‍ച്ഛിപ്പിച്ചത് ആരാണ്? അവര്‍ തന്നെ പ്രശ്നം പരിഹരിക്കട്ടെ. യൂണിയനകളും മാനേജ്മെന്റും കൂടി സംസാരിച്ച് പ്രശ്നത്തിന് പരിഹാരമുണ്ടാക്കണം. സര്‍ക്കാര്‍ ഇടപെടേണ്ട ആവശ്യമുണ്ടെങ്കില്‍ ഇടപെടും. അല്ലാതെ സര്‍ക്കാരിനെ വിരട്ടി കാര്യം നേടാമെന്ന് ആരും ധരിക്കേണ്ടതില്ല.പണിമുടക്ക് എല്ലാത്തിനും പ്രതിവിധിയാണെന്ന് ധരിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.