സ്വയംതൊഴിൽ സംരംഭം തുടങ്ങാൻ സർക്കാർ വായ്പ

കോവിഡ് രണ്ടാം തരംഗത്തിൽപ്പെട്ട് പോയ പട്ടികജാതിയിൽപ്പെട്ടവരുടെ കുടുംബാഗങ്ങൾക്കായി കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ പ്രത്യേക വായ്പ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ.കുടുംബത്തിലെ പ്രധാന വരുമാനദായകന്റെ മരണം മൂലം ഉപജീവനമാർഗം മുടങ്ങി കിടക്കുന്ന കുടുംബാംഗങ്ങളുടെ പുനരുജ്ജീവനത്തിന് വേണ്ടിയാണ് കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ വായ്പാ പദ്ധതിയ്ക്ക് രൂപം നൽകുന്നത്.

ദേശീയ പട്ടികജാതി ധനകാര്യ വികസന കോർപ്പറേഷന്റെ വായ്പ , നിശ്ചിത നിരക്കിൽ നൽകുന്ന സബ്‌സിഡി എന്നിവ ചേർത്താണ് പദ്ധതി നടപ്പിലാക്കുന്നത്. കോവിഡ് ബാധിതരായി മരണമടഞ്ഞ പട്ടികജാതിയിൽപ്പെട്ട ഒരു വ്യക്തി കുടുംബത്തിലെ പ്രധാന വരുമാനദായകനായിരുന്നു എങ്കിൽ അയാളുടെ തൊട്ടടുത്ത ആശ്രിതന് വായ്പയ്ക്കായി അപേക്ഷിക്കാവുന്നതാണ്. പരമാവധി അഞ്ച് ലക്ഷം രൂപവരെ മുതൽമുടക്കുള്ള സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് വേണ്ടിയാണ് വായ്പ നൽകുന്നത്.

6 ശതമാനം വീതമാണ് പലിശ നിരക്ക്. വായ്പയുടെ 20 ശതമാനമോ, ഒരു ലക്ഷം രൂപയോ സബ്‌സിഡിയായി കണക്കാക്കുന്നതാണ്. അപേക്ഷകനായ വ്യക്തിയുടെ കുടുംബ വാർഷികവരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയാൻ പാടില്ല.കൂടാതെ പ്രധാന വരുമാനദായകൻ കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന് തെളിയിക്കാൻ ആവശ്യമായ രേഖകൾ അപേക്ഷകൻ ഹാജരാക്കണം. മരിച്ച വ്യക്തിയുടെ പ്രായം 18നും 60 വയസിനും ഇടയിൽ ആയിരിക്കണം.ജൂൺ 26 ന് മുൻപ് സമർപ്പിക്കേണ്ട അപേക്ഷയുടെ വിശദാംശത്തിനായി ജില്ലാ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

Comments: 0

Your email address will not be published. Required fields are marked with *