പിശാച് ഭീതിയിൽ ; ലോക്ക്ഡൗൺ പ്രഖ്യാപിച്ചു ഒരു ഗ്രാമം
പിശാചിനെ പേടിച്ച് ഒരു ഗ്രാമം മുഴുവൻ ഭീതിയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.കേട്ടാൽ വിശ്വാസമാവുന്നില്ല അല്ലെ? ആന്ധ്രാപ്രദേശിലെ ഒരു ഗ്രാമത്തിലാണ് ഇത്തരത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഒരു മാസത്തിനിടെ നാലുപേർ ദുരൂഹസാഹചര്യത്തിൽ മരിച്ചതിന് പിന്നാലെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഭീതിയിൽ കുളിച്ച ആ ഗ്രാമം അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന ആശങ്കയിലാണ്.
നാലുവശത്തുനിന്ന് പിശാചുക്കള്‍ ഗ്രാമത്തെ ആക്രമിക്കുകയാണെന്നാണ് നാട്ടുകര്‍ കരുതുന്നത്. ഈ സാഹചര്യത്തിലാണ് ഏപ്രില്‍ 17 മുതല്‍ 25വരെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ആന്ധ്രയിലെ ശ്രീകാകുളം ജില്ലയിലെ സര്‍ബുജിലി മണ്ഡലിലാണ് ഈ ഗ്രാമം. ഒഡീഷയുമായി അതിര്‍ത്തി പങ്കിടുന്നു. ലോക്ക്ഡൗണ്‍ പിശാചിനെതിരെ പ്രവര്‍ത്തിക്കുമെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നാട്ടുകാരില്‍ ചിലര്‍ക്ക് കടുത്ത പനി അനുഭവപ്പെട്ടു. നാലുപേര്‍ മരിച്ചു. ഇത് പിശാച് ബാധയെ തുടര്‍ന്നാണെന്നാണ് നാട്ടുകാര്‍ കരുതുന്നത്. തുടര്‍ന്ന് ഗ്രാമത്തിലെ മുതിര്‍ന്നവര്‍ ഒഡീഷയിലെ പുരോഹിതരെ കാണുകയും അവരുടെ നിര്‍ദേശപ്രകാരം ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയുമായിരുന്നു.
ഗ്രാമത്തില്‍ നിന്ന് പുറത്തേക്കുളള റോഡുകളെല്ലാം അടച്ചു. പുറത്തുനിന്ന് പ്രവേശിക്കരുതെന്ന് മുന്നറിയിപ്പുളള ബോര്‍ഡും സ്ഥാപിച്ചു. ഗ്രാമീണര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്നും കര്‍ശനനിര്‍ദേശമുണ്ട്.ലോക്ക്ഡൗണിനെ തുടര്‍ന്ന് വില്ലേജ് ഓഫീസ് അടഞ്ഞുകിടക്കുകയാണ്. ഗ്രാമത്തിന് പുറത്തുനിന്നുള്ള ആര്‍ക്കും ഇങ്ങോട്ടു പ്രവേശനം ഇല്ല. സ്കൂളുകളും അംഗന്‍വാടികളും പ്രവര്‍ത്തിക്കുന്നില്ല. ആശുപത്രി ജീവനക്കാരെയും മറ്റ് ഉദ്യോഗസ്ഥരെയും ഗ്രാമത്തില്‍ പ്രവേശിക്കാന്‍ നാട്ടുകാര്‍ അനുവദിക്കുന്നില്ല.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom