‘ടോളിവുഡിലെ രാജകുമാരന്‍’മഹേഷ് ബാബുവിന് ഇന്ന് 46-ാം പിറന്നാള്‍

തെലുങ്ക് സിനിമയിലെ മാത്രമല്ല, തെന്നിന്ത്യന്‍ സിനിമയിലെ രാജകുമാരന്‍ എന്ന വാക്ക് ഏറെ യോജിക്കുന്ന നടനാണ് ഘട്ടമനേനി മഹേഷ് ബാബു. താരകുടുംബത്തില്‍ നിന്നാണ് സിനിമയില്‍ എത്തിയതെങ്കിലും വേറിട്ട അഭിനയ ശൈലിയിലൂടെ ടോളിവുഡിലെ സൂപ്പര്‍സ്റ്റാര്‍ പദവി കൈയടക്കിയ നടനാണ് അദ്ദേഹം. നാലാം വയസില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ച താരം ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍മാരിലൊരാള്‍ കൂടിയാണ്.

പ്രശസ്ത തെലുങ്ക് താരം കൃഷ്ണ ഘട്ടമനേനിയുടെ ഇളയമകനായ മഹേഷ് ബാബു നീഡ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് സിനിമയില്‍ തുടക്കം കുറിച്ചത്. എട്ടോളം ചിത്രങ്ങളില്‍ ബാലതാരമായി വേഷമിട്ട ശേഷം 24-ാം വയസില്‍ പ്രീതി സിന്തയ്‌ക്കൊപ്പം രാജകുമാരഡു എന്ന ചിത്രത്തില്‍ നായകനായി. തുടര്‍ന്ന് മുരാരി, ഒക്കഡു എന്നീ ചിത്രങ്ങളിലൂടെ താരപരിവേഷം ഉയര്‍ന്ന മഹേഷ് ബാബു ഇന്ന് ടോളിവുഡിലെ സൂപ്പര്‍സ്റ്റാര്‍ ലേബലുള്ള നടനാണ്. താരത്തിന്റെ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സരിലേരു നീകേവ്വരൂ തെലുങ്ക് സിനിമയില്‍ ഏറ്റവും ഉയര്‍ന്ന ബോക്‌സോഫീസ് കളക്ഷന്‍ നേടിയ ചിത്രമായി മാറിയിരുന്നു. പ്രേക്ഷകര്‍ കാത്തിരിക്കുന്ന സര്‍ക്കാരു വാരി പട്ടയാണ് മഹേഷ് ബാബുവിന്റെ ഏറ്റവും പുതിയ ചിത്രം. അടുത്ത വര്‍ഷം റിലീസാകുന്ന ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും സമൂഹമാധ്യമങ്ങളില്‍ ഹിറ്റായി മാറുകയാണ്. ഈ വര്‍ഷത്തെ ജന്മദിനത്തില്‍ ആരാധകര്‍ തന്നോടുള്ള സ്‌നേഹം മൂന്ന് തൈകള്‍ വീതം നട്ടുകൊണ്ട് ഗ്രീന്‍ ഇന്ത്യ ചലഞ്ചിന് പിന്തുണ നല്‍കി പ്രകടിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം മഹേഷ് ബാബു അഭ്യര്‍ത്ഥിച്ചിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *