‘കുറ്റാരോപിതരെ ആക്ഷേപിക്കുന്നത് ശരിയല്ല’: മാല പാർവതി
വിജയ് ബാബുവിനോട് ഇപ്പോൾ കാണിക്കുന്ന മനോഭാവം മാറ്റണമെന്ന് പറയുന്നു നടി മാലാ പാര്‍വതി.വിജയ് ബാബുവിനെതിരെ രണ്ടാം മീറ്റു ആരോപണത്തില്‍ പരാതി നല്കാതിരിക്കുമ്പോള് അത് വെറും ആരോപണമാണ്. അത് ഗൗരവമായി കാണുന്നില്ല. ഇത്തരം ആരോപണങ്ങളുടെ പേരില്‍ വ്യക്തിയെ ജോലിയില്‍ നിന്നും മറ്റ് കാര്യങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുകയോ അവരെ ആക്ഷേപിക്കുകയോ ചെയ്യുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും മാലാ പാര്‍വ്വതി പറഞ്ഞു. അമ്മയിലെ ആഭ്യന്തര പരാതി പരിഹാര സമിതിയിലെ അംഗമാണ് മാലാ പാർവതി.വിജയ് ബാബുവിന് എതിരെയുളള ആരോപണത്തിന് അദ്ദേഹം ഫേസ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചതിനോട് തനിക്ക് യോജിപ്പുണ്ട്, പക്ഷേ പെണ്‍കുട്ടിയുടെ പേര് പറഞ്ഞത് അംഗീകരിക്കാന്‍ കഴിയില്ലെന്നും നടി കൂട്ടിച്ചേർത്തിരുന്നു. പ്രമുഖ മാധ്യമത്തിനോട് പ്രതികരിക്കവെയാണ് നടി ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.
മാലാ പാര്‍വ്വതിയുടെ വാക്കുകള്‍
‘പെണ്‍കുട്ടികള്‍ക്ക് പരാതി നല്‍കാം എന്ന സാഹചര്യം ഇന്ന് കേരളത്തില്‍ ഉള്ളത്കൊണ്ടാണ് ഇപ്പോള്‍ പെണ്‍കുട്ടികള്‍ പ്രതികരിക്കുന്നത്. വിജയ് ബാബുവിന്റെ കേസില്‍ ജനങ്ങളുടെ പ്രതികരണത്തില്‍ വളരെയധികം ആശങ്കയുണ്ട്. പൊലീസിന് പരാതി നല്‍കാതെ കാര്യങ്ങള്‍ ഞാന്‍ ഗൗരവമായി കാണുന്നില്ല. അത് ആരോപണം മാത്രമാണ്. അത്തരം കാര്യങ്ങളില്‍ വ്യക്തികളെ ജോലിയില്‍ നിന്നും മറ്റ് കാര്യങ്ങളില്‍ നിന്നും മാറ്റി നിര്‍ത്താറുണ്ട്. അവരെ ആക്ഷേപിക്കുകയും ചെയ്യന്നതിനോട് വിയോജിപ്പുണ്ട്. പരാതിയുണ്ടെങ്കില്‍ പൊലീസില്‍ പരാതി നല്‍കണം. പരാതി നല്കി അന്വേഷണം ഉണ്ടാകുമ്പോള്‍ പരാതിക്കാരനും ആരോപിതനും രണ്ട് പേര്‍ക്കും ഒരു പോലെ നീതി കിട്ടാന്‍ അവസരം കൂടുതലാണ്. അത്കൊണ്ട് പരാതികള്‍ ഉണ്ടാകട്ടെ.
ഈ വിഷയം വളരെ ഗൗരവകരമായി ചര്‍ച്ച ചെയ്യേണ്ടതാണ്. കണ്‍സന്റ് എന്താണ്, സ്ത്രീകള്‍ക്ക് ഒരു ദിവസം കൂട്ടായിരിക്കുന്നയാള്‍ക്കെതിരെ പിന്നെ പരാതി കൊടുക്കുമോ എന്നിങ്ങനെയുള്ള സംസാരമാണ് സമൂഹത്തില്‍ നടക്കുന്നത്. യഥാര്‍ത്ഥ വിഷയങ്ങള്‍ സംസാരിക്കാവുന്ന കാലഘട്ടം വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
ഇപ്പോള്‍ എല്ലാവരും ചോദിക്കുന്ന കാര്യമാണ് സ്ത്രീകള്‍ക്ക് മാത്രമാണോ നിയമം, പുരുഷന്മാര്ക്ക് ഇല്ലേ, ഈ നാട്ടില്‍ അവരെ അംഗീകരിക്കേണ്ടേ എന്ന്. കുറ്റം തെളിഞ്ഞാല്‍ മാത്രമേ അയാള്‍ കുറ്റവാളിയാകുന്നുള്ളൂ. അതുവരെ കുറ്റാരോപിതനാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ ഒരു പരാതി നല്കിയാല് അയാളെ പൂര്‍ണമായി ഒഴിവാക്കുന്ന ഒരു അവസ്ഥ ഉണ്ടാകുന്നുണ്ട്. വിജയ് ബാബുവിന്റെ വിഷയത്തില്‍ ആരോപണം ഉണ്ടായി. അത് നേരിടുമെന്ന് അദ്ദേഹം ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞതിനോട് എനിക്ക് യോജിപ്പുണ്ട്, പക്ഷേ പെണ്‍കുട്ടിയുടെ പേര് പറഞ്ഞത് അംഗീകരിക്കാന്‍ കഴിയില്ല. പേര് പറയാന്‍ പാടില്ലായിരുന്നു. അത് നിയമത്തിന്റെ മേലുള്ള വെല്ലുവിളിയാണ്. വിചാരണയ്ക്ക് വിധേയനാകണം.
നമ്മുടെ നാട്ടിലെ സാമൂഹിക പശ്ചാത്തലം അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇങ്ങനെയായിരുന്നില്ല. പുരുഷന്മാര് പണ്ടത്തെ രീതില്‍ മനസിലാക്കുന്നത്, ഒരു പൊതുബോധം അവര്‍ക്കുണ്ടാകുന്നത് കൊച്ചു പുസ്കത്തില്‍ നിന്നും പോണ് ലിറ്ററേച്ചറില്‍ നിന്നുമൊക്കെയാണ്. സ്ത്രീകളുടെ ശരീരത്തെ സന്തോഷിപ്പിച്ച് അനുഭവിച്ചാല്‍ മാത്രമാണ് അവര്‍ക്ക് പ്രണയം തോന്നുന്നത് എന്ന് പഠിച്ച് വച്ചിരിക്കുന്ന ഒരു വലിയ വിഭാഗമുണ്ട്. കൗണ്‍സിലിങ് ചെയ്യുമ്പോള്‍ മനസിലാകുന്ന കാര്യമാണിതൊക്കെ. എന്താണ് സ്ത്രീകള്‍ക്ക് വേണ്ടത്, എവിടെയാണ് നോ എന്നുള്ള കാര്യത്തെക്കുറിച്ച് സമൂഹത്തില്‍ വലിയ ചര്‍ച്ച ആവശ്യമാണ്. അല്ലെങ്കില്‍ അത് ഒരു വിഷയാണ്. സ്ത്രീകള്‍ വലിയ പതിവ്രതകള്‍ ആയി എനിക്കിതൊന്നും അറിയില്ല എന്ന് പറഞ്ഞിരിക്കാതെ തുറന്നു സംസാരിക്കണം.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom