സഞ്ചാരികളേ ഇതിലേ ഇതിലേ … മലരിക്കല്‍ ആമ്പല്‍ വസന്തം നാളെ ഉദ്ഘാടനം ചെയ്യും ; പ്രവേശന മാനദണ്ഡങ്ങള്‍ ഇങ്ങനെ

ഓണക്കാലത്തെ വർണ്ണപ്പകിട്ടോടെ വരവേൽക്കാൻ മലരിക്കലെ ആമ്പൽ വസന്തം തയ്യാറായി കഴിഞ്ഞു. നാളെ തിരുവാർപ്പ് – മലരിക്കൽ ആമ്പൽ ഫെസ്റ്റ് തുടങ്ങുകയായി. സഹകരണ – രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ നാളെ ആമ്പൽ ഫെസ്റ്റ് ഔദ്യോഗികമായി ഉത്‌ഘാടനം ചെയ്യും. ഫെസ്റ്റിലേക്കുള്ള പ്രവേശനം കൊവിഡ് നിബന്ധനകൾക്ക് മുൻഗണന നൽകിക്കൊണ്ട് ആയിരിക്കും.

ആമ്പൽ ഫെസ്റ്റിന് വരുന്നവരുടെ വാഹനങ്ങൾക്ക് കാഞ്ഞിരം പാലം കടക്കാൻ അനുമതി ഉണ്ടായിരിക്കുന്നതല്ല. പണം നൽകിയുള്ള പാർക്കിങ്ങിന് പാലത്തിന് സമീപമുള്ള വീടുകളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. പാസ് ഉപയോഗിച്ചാണ് ആമ്പൽ ഫെസ്റ്റിലേക്കുള്ള പ്രവേശനം ക്രമീകരിച്ചിരിക്കുന്നത്. പാസുകൾ പാലത്തിനു സമീപം ഒരുക്കുന്ന കൗണ്ടറിൽ ലഭ്യമാകും. ഒരാൾക്ക് 30 രൂപയാണ് നിരക്ക്. ആമ്പൽപൂക്കളെ അടുത്ത് കാണുന്നതിനായി വള്ളം ഉപയോഗിക്കാം. വള്ളത്തിൽ കയറാൻ ആളാംപ്രതി 100 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന നിരക്ക്. പൂക്കൾ പറിക്കാൻ അനുവാദമില്ല. കായൽ ഭാഗത്തുനിന്ന് പൂക്കൾ വേണ്ടവർക്ക് വാങ്ങാവുന്നതാണെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

മലരിക്കലിലേക്ക് കുമാരകത്തു നിന്ന് 7 കിലോമീറ്ററും, കോട്ടയത്തുനിന്നും 16 കിലോമീറ്ററും ദൂരമുണ്ട്. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും, തിരുവാർപ്പ് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ വള്ളക്കാർക്ക് ബോധവത്കരണം നൽകി. പഞ്ചായത്ത് അധികൃതർ വള്ളത്തൊഴിലാളികള്‍, ഓട്ടോ തൊഴിലാളികൾ, ടൂറിസം സൊസൈറ്റി പ്രവർത്തകർ എന്നിവരെ വിളിച്ചു ചേർത്ത് യോഗം നടത്തി ക്രമീകരണങ്ങൾ വിലയിരുത്തി.

Comments: 0

Your email address will not be published. Required fields are marked with *