Flash News

മാനുവൽ ഫെഡറിക്‌സ്; വീണ്ടും ഒളിംപിക്സ് നേട്ടത്തിന്റെ തിളക്കം എത്തുമ്പോൾ അറിയണം ഒളിമ്പിക്‌സ് മെഡൽ ഏറ്റുവാങ്ങിയ ആദ്യ മലയാളിയെ! അവഗണനയുടെ കഥയും!!

ഇന്ന് രാജ്യവും നമ്മുടെ കേരളവും ഒളിമ്പിക്സ് നേട്ടത്തിന്റെ അഭിമാനത്തിലാണ്.41 വർഷങ്ങൾക്ക് ശേഷം ഒളിമ്പിക് മെഡൽ ഒരു മലയാളി രാജ്യത്തേക്ക് എത്തിക്കുമ്പോൾ അതിന്റെ തിളക്കം ചെറുതല്ല. എന്നാൽ ശ്രീജേഷിന് മുൻപ് ഒളിമ്പിക്‌സിൽ മെഡൽ നേടിയ മറ്റൊരു മലയാളി കൂടിയുണ്ട് കണ്ണുരു കാരനായ മാനുവൽ ഫെഡറിക്‌സ്. 1972 ലെ മ്യുണിക് ഒളിംപിക്‌സിൽ വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീമിലെ ഗോൾ കീപ്പറയായിരുന്നു കണ്ണൂർ നഗരത്തിലെ ബർണശേരിക്കാരനായ ഈ എഴുപത്തിനാലുകാരൻ. ഇപ്പോൾ കണ്ണൂരിലും ബംഗ്‌ളൂരിലുമായി മാറി മാറി താമസിച്ചു വരികയാണ് ഇദ്ദേഹം.ചോരകൊണ്ടെഴുതിയതാണ് മ്യൂണിക്ക് ഒളിമ്പിക്സിന്റെ ചരിത്രം. ഇത്തവണ കോവിഡ് ടോക്യോ ഒളിമ്പിക്സിന്റെ നിറവും കെടുത്തി. രണ്ടിടത്തും ഇന്ത്യൻ ഹോക്കിക്കാണ് വെങ്കലം ലഭിച്ചത്.

തനിക്ക് സന്തോഷത്തിനൊപ്പം ഭീതിയും സമ്മാനിച്ചതായിരുന്നു മ്യുണിക്ക് ഒളിംപിക്‌സെന്ന് മാനുവൽ ഫെഡറിക്‌സ് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. തീവ്രവാദികളുടെ അക്രമത്തിൽ കളിക്കാരാകെ വെറുങ്ങലിച്ചു പോയ ഒളിംപ്ക്‌സായിരുന്നു അത്. മുറിക്കകത്ത് മാത്രം അടച്ചിരുന്ന് കളിക്കാനായി മാത്രം പുറത്തിറങ്ങിയ നാളുകളായിരുന്നു അതെന്നാണ് അദ്ദേഹം ഓർമ്മിക്കുന്നത്. വെങ്കലം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നുവെങ്കിലും ഒളിംപ്യനായ കളിക്കളത്തിൽ ടൈഗർ എന്ന വിളിപ്പേരുള്ള മാനുവലിന് അർഹതയ്ക്കുള്ള അംഗീകാരം ഒരിക്കലും ലഭിച്ചിരുന്നില്ല. മെഡൽ നേടിയ ടീമിലെ എട്ടുപേർക്ക് അർജുന അവാർഡും രണ്ടു പേർക്ക് പത്മശ്രീയും ലഭിച്ചപ്പോൾ ഭരണാധികാരികൾ മാനുവലിനെ മാത്രം മറന്നു.

21 അന്താരാഷ്ട്ര ടൂർണമെന്റിൽ രാജ്യത്തിന്റെ ഗോൾവലയം കാത്ത താരത്തിനാണ് കടുത്ത അവഗണന നേരിടേണ്ടി വന്നത്. 1973 ൽ ഹോളണ്ട് ലോകകപ്പിൽ വെള്ളിയും അർജന്റീന ലോക കപ്പിൽ നാലാം സ്ഥാനവും നേടിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു ഈ കണ്ണൂരുകാരൻ. കണ്ണൂർ ബി.ഇ.എംപി സ്‌കുളിലും കണ്ണൂർ സെന്റ് മൈക്കിൾസ് സ്‌കുളിലുമായിരുന്നു വിദ്യാഭ്യാസം. തന്റെ പതിനൊന്നാമത്തെ വയസിൽ ഹോക്കിസ്റ്റിക്കെടുത്ത മാനുവലിന് പിന്നീട് കളി തന്നെയായിരുന്നു ജീവിതം. ബാംഗ്ലൂർ ആർമി സപ്‌ളൈകോറിലെ കളിക്കാരനായതോടെയാണ് ദേശീയ തലത്തിൽ അവസരങ്ങൾ തുറന്നു കിട്ടുന്നത്.

പിന്നീട് കളിയിൽ നിന്നും വിരമിച്ച ശേഷം 18 വർഷം ബാംഗ്ലൂർ എച്ച്.എ.എല്ലിന്റെ പരിശീലകനായി. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കണ്ണുരിലെ സ്പോർട്സ് പ്രേമികൾ നിവേദനം നൽകിയതിനെ തുടർന്ന് 20 ലക്ഷം രൂപ അനുവദിക്കുകയും രണ്ടു വർഷം മുൻപ്പിണറായി സർക്കാരാണ് രാജ്യത്തിന് വേണ്ടി ഗോൾവലയം കാത്ത കായിക പ്രതിഭയ്ക്ക് പയ്യാമ്പലം പള്ളിയാംമൂലയിൽ പുതിയ വീടുവെച്ചു നൽകിയത്. വാർധക്യകാല അസുഖങ്ങളുള്ളതിനാൽ ഏറെക്കാലമായി ബംഗളുരിൽ കുടുംബത്തോടൊപ്പമാണ് അദ്ദേഹത്തിന്റെ താമസം. എങ്കിലും ചിലപ്പോഴെക്കെ കണ്ണുരിലെ വീട്ടിലും വരാറുണ്ട്. കണ്ണുരിൽ നടക്കുന്ന ചില കായികപരിപാടികളിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാകാറുണ്ട്. എന്നാൽ കൊവിഡ് കാലം തുടങ്ങിയതിനു ശേഷം മാനുവൽ കണ്ണുരിൽ വന്നിട്ടില്ല.

മ്യുണിയിലേക്ക് പോയ ഇന്ത്യൻ ടീമിന് അൽപ്പമെങ്കിലും പരിശീലനം ലഭിച്ചിരുന്നുവെങ്കിൽ സ്വർണം തന്നെ കൊയ്യുമായിരുന്നുവെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. എട്ടിൽ ഏഴ് കളിയും ജയിച്ച ഇന്ത്യ സെമിയിൽ പാക്കിസ്ഥാനോടാണ് തോറ്റത്.തുടർന്ന് ലൂസേഴ്‌സ് ഫൈനലിൽ ഹോളണ്ടിനെ തോൽപിച്ചായിരുന്നു വെങ്കലം നേടിയത്. അമിത് സിങ്ങായിരുന്നു ഇന്ത്യൻ ടീമിനെ നയിച്ചിരുന്നത്. ഹോക്കി ഇതിഹാസം ധ്യാൻചന്ദിന്റെ മകൻ അശോക് കുമാർ, ടെന്നിസ് താരം ലിയാണ്ടർ പെയ്‌സിന്റെ പിതാവ് പി.പെയ്‌സ്, അജിത് പാൽ സിങ്, മുഖ്ബാൽ സിങ്, കുൽവന്ത് സിങ്,ഗോവിന്ദ, എംപി ഗണേശ്, തുടങ്ങിയ പ്രഗത്ഭരായിരുന്നു സഹതാരങ്ങൾ.

Comments: 0

Your email address will not be published. Required fields are marked with *