ശ്രദ്ധ നേടി ‘മേരി പുകാര്‍ സുനോ’ ; കാഴ്ചക്കാര്‍ ഒരു കോടി കടന്നു

എ ആര്‍ റഹ്മാന്‍ – ഗുല്‍സാര്‍ ടീമിന്റെ ‘മേരി പുകാര്‍ സുനോ’ എന്ന സാന്ത്വന ഗാനം തരംഗമാകുന്നു. രണ്ട് ദിവസം മുന്‍പ് റിലീസ് ചെയ്ത ഗാനം ഇതിനോടകം ഒരു കോടിയിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു. സോണി മ്യൂസിക് ഇന്ത്യ നിര്‍മ്മിച്ച ഗാനം യുട്യൂബ്, യുട്യൂബ് മ്യൂസിക്, ആമസോണ്‍ മ്യൂസിക്, ആപ്പിള്‍ മ്യൂസിക് എന്നീ പ്ലാറ്റ്‌ഫോമുകളിലാണ് പുറത്തിറങ്ങിയത്. യുട്യൂബില്‍ മാത്രം ഗാനം ആസ്വദിച്ചത് 70 ലക്ഷത്തില്‍ പരം ആളുകളാണ്. ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ പകുതിയും കൊവിഡ് ദുരിതാശ്വാസത്തിന് ചിലവഴിക്കാനാണ് തീരുമാനം.

കൊവിഡ് മൂലം നിരാശയില്‍ മുങ്ങിയ ജനമനസ്സുകളില്‍ പ്രത്യാശയുടെ കിരണം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗാനം ഒരുക്കിയത്. ഭൂമാതാവിന്റെ കാഴ്ചപ്പാടിലൂടെ രചിച്ചിരിക്കുന്ന ഗാനത്തില്‍ തന്റെ മക്കളെയെല്ലാം ഒരുമിക്കാന്‍ പ്രേരിപ്പിക്കുകയും ഈ ദുരിതകാലവും കടന്നുപോകുമെന്ന പ്രത്യാശ പകരുകയും ചെയ്യുന്നു.

രണ്ട് ഇതിഹാസ സംഗീതജ്ഞര്‍ക്കൊപ്പം രാജ്യത്തെ പ്രഗത്ഭരായ ഏഴ് ഗായകരാണ് ഗാനത്തില്‍ അണിനിരന്നിരിക്കുന്നത്. അല്‍ക്ക യാഗ്നിക്ക്, ശ്രേയ ഘോഷാല്‍, കെ എസ് ചിത്ര, സാധന സര്‍ഗം, ശാഷ തിരുപ്പതി, അര്‍മാന്‍ മാലിക്, അസീസ് കൗര്‍ എന്നിവരാണ് ഈ ഗായകര്‍. നിമിഷനേരം കൊണ്ട് വൈറലായ ഗാനം ന്യൂയോര്‍ക്കിലെ ബില്‍ബോര്‍ഡിലും പ്രദര്‍ശിപ്പിച്ചിരിക്കുന്നതായി എ ആര്‍ റഹ്മാന്‍ അറിയിച്ചിരുന്നു.ഒരു ലോകം, ഒരു പ്രതീക്ഷ, ഒരു വാഗ്ദാനം, ഒരുമിച്ച് സുഖപ്പെടുത്തും എന്ന ട്വീറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.

Comments: 0

Your email address will not be published. Required fields are marked with *