Flash News

ഹാട്രിക്കിനരികിൽ പെനാൽട്ടി വിട്ടുനൽകി മെസ്സി; പക്ഷെ സംഭവിച്ചത് ദുരന്തം

യുവേഫ ചാമ്പ്യൻസ് ലീഗിലെ വാശിയേറിയ ഗ്രൂപ്പ്ഘട്ട പോരിൽ പി.എസ്.ജി ജർമൻ ക്ലബ്ബ് ആർ.ബി ലീപ്‌സിഷിനെ 3-2 തകർത്തപ്പോൾ ലയണൽ മെസ്സിയുടെ ഇരട്ട ഗോളിനൊപ്പം ചർച്ചയാവുകയാണ് കെയ്‌ലിയൻ എംബാപ്പെയുടെ പെനാൽട്ടി മിസ്സും. മെസ്സി ഹാട്രിക്കിന് അരികിൽ നിൽക്കെ കളിയുടെ അവസാന ഘട്ടത്തിൽ പി.എസ്.ജിക്ക് പെനാൽട്ടി ലഭിച്ചപ്പോൾ എല്ലാവരും കരുതിയത് കിക്കെടുക്കുക മെസ്സി ആയിരിക്കുമെന്നാണ്. എന്നാൽ, മെസ്സി ആരാധകരെ നിരാശപ്പെടുത്തി കിക്കെടുക്കാൻ വന്ന എംബാപ്പെ പന്ത് ക്രോസ്ബാറിനു മുകളിലൂടെ അടിച്ചുപറത്തുകയാണുണ്ടായത്. പി.എസ്.ജിയുടെ വിജയമാർജിൻ കുറഞ്ഞതിനേക്കാൾ മെസ്സിക്ക് ചാമ്പ്യൻസ് ലീഗ് ഹാട്രിക് നിഷേധിക്കപ്പെട്ടത് ആരാധകരെ വിഷമിപ്പിച്ചു എന്നത് സത്യം.

സാധാരണ ഗതിയിൽ പെനാൽട്ടി കിക്കെടുക്കാൻ കോച്ച് ടീമിലെ ഒരു കളിക്കാരനെയാണ് ചുമതലപ്പെടുത്താറുള്ളത്. ബാഴ്‌സലോണയിൽ പെനാൽട്ടിയും ഫ്രീകിക്കും എടുക്കാനുള്ള ഉത്തരവാദിത്തം മെസ്സിക്കായിരുന്നു. എന്നാൽ, മെസ്സി, എംബാപ്പെ, നെയ്മർ എന്നിവരടങ്ങുന്ന സൂപ്പർ ടീമിൽ ആരെ ആ ചുമതയലേൽപ്പിക്കുമെന്ന കാര്യത്തിൽ പി.എസ്.ജി കോച്ച് മൗറിഷ്യോ പൊചെറ്റിനോ തീരുമാനമെടുത്തിട്ടില്ല.

ഇന്നലെ സ്‌കോർ 2-2 ൽ നിൽക്കെ എതിർബോക്‌സിൽ ഒരു പെനാൽട്ടി സമ്പാദിച്ച എംബാപ്പെ കിക്കെടുക്കാൻ മെസ്സിയോട് ആവശ്യപ്പെടുകയാണുണ്ടായത്. ഒമ്പതാം മിനുട്ടിൽ ടീമിന്റെ ഒന്നാം ഗോൾ നേടുകയും നന്നായി കളിക്കുകയും ചെയ്തുകൊണ്ടിരുന്ന എംബാപ്പെക്ക് ആ കിക്കെടുക്കാൻ അവകാശമുണ്ടായിരുന്നെങ്കിലും താരം മെസ്സിയെ കിക്കെടുക്കാൻ ക്ഷണിച്ചു. സമ്മർദ ഘട്ടത്തിൽ മനോഹരമായ കുറ്റമറ്റ ഒരു പനേങ്ക കിക്കിലൂടെ മെസ്സി ടീമിന് ലീഡ് നേടിക്കൊടുക്കുകയും ചെയ്തു.

93-ാം മിനുട്ടിൽ ലീപ്‌സിഷിന്റെ ഗ്വാർഡിയോൾ പി.എസ്.ജി താരം അഷ്‌റഫ് ഹകീമിയെ ബോക്‌സിൽ ഫൗൾ ചെയ്തതിനാണ് വി.എ.ആർ സഹായത്തോടെ റഫറി പെനാൽട്ടി വിധിച്ചത്. ഇത്തവണ തീരുമാനമെടുക്കാനുള്ള അവസരം മെസ്സിക്കായിരുന്നു. ഈ സീസണിൽ ടീമിലെത്തിയ 30-ാം നമ്പർ താരം കിക്കെടുക്കാനുള്ള അവസരം എംബാപ്പെക്ക് വെച്ചുനീട്ടി. ഫ്രഞ്ച് താരം അത് വേണ്ടെന്നു വെച്ചില്ല. കിക്കെടുത്തപ്പോൾ പക്ഷേ, പൂർണമായും പിഴച്ചു. ക്രോസ്ബാറിനു മുകളിലൂടെ പറന്ന പന്ത് ഗാലറിയിലാണ് ചെന്നുവീണത്. പരിക്കു കാരണം ഇന്നലെ കളിച്ചിക്കാത്ത, ഗാലറിയിരുന്ന് കളി കാണുകയായിരുന്ന നെയ്മർ തലയിൽ കൈവെച്ചാണ് ആ പെനാൽട്ടി മിസ്സിനോട് പ്രതികരിച്ചത്.

Comments: 0

Your email address will not be published. Required fields are marked with *