Flash News

ഐ ഫോൺ11 മുതൽ സാംസങ് എ32 വരെ! ലക്ഷങ്ങൾ ചിലവാക്കി മന്ത്രിമാരുടെ മൊബൈൽ ധൂർത്ത്

സർക്കാർ ഖജനാവ് കാലിയാക്കി ഇടത് മന്ത്രിമാരുടെ മൊബൈൽ ആഡംബര ധൂർത്ത്. മന്ത്രിമാർക്ക് മൊബൈൽ ഫോൺ വാങ്ങിക്കാൻ സർക്കാർ ഖജനാവിൽ 30000 രൂപ അനുവദിച്ച ഉത്തരവിന് മറവിലാണ് 70000 രൂപവരെ വരെയുള്ള ഫോൺവാങ്ങിക്കൂട്ടിയത്.

ഇതുവരെ എട്ടുമന്ത്രിമാർക്കായി 2,24880 രൂപയാണ് ഇത്തരത്തിൽ ചിലവഴിച്ചത്. മന്ത്രി സജി ചെറിയാൻ ഐ ഫോൺ 11 ആണ് വാങ്ങിയത്. 70000രൂപയോളം വരുന്ന ഫോണിന് മന്ത്രിക്ക് 30000 രൂപയാണ് പൊതുഭരണ വകുപ്പ് കൈമാറിയത്.

39999 രൂപ വിലയുള്ള റെഡ്മി 11 എക്‌സ് ഫോണാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദൻ വാങ്ങിയത്. ഇതിനായി അദ്ദേഹത്തിന് 30000 രൂപയും അനുവദിച്ചിട്ടുണ്ട്.ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ ഫോൺ ഗൂഗിൽ പിക്‌സൽ 4എ ആണ്. 32000 രൂപയാണ് ഇതിന്റെ വില. ആന്റണി രാജുവിന് 30000 രൂപ സർക്കാർ നൽകിയതോടെ 2000 രൂപ മാത്രമാണ് കയ്യിൽ നിന്നും ചിലവഴിക്കേണ്ടി വന്നത്.

ഫോണിന് ചെലവായ 20,680 രൂപ മന്ത്രി റോഷി അഗസ്റ്റിനും 29000 രൂപ മന്ത്രി ചിഞ്ചു റാണിക്കും, 25,200 രൂപ മന്ത്രി അഹമ്മദ് ദേവർ കോവിലിനും ലഭിച്ചു. റോഷിയുടെ ഫോൺ സാംസങ് എ32 ഉം, മന്ത്രി ചിഞ്ചുറാണിയുടേത് ഓപ്പോ സ്മാർട്ട് ഫോൺ റെനോ68 ഉം അഹമ്മദ് ദേവർകോവിലിന്റേത് സാംസങ് ഇ625ഉം ആണ്.

നേരത്തെ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി താൻ വാങ്ങിയ 40000 രൂപയുടെ സാംസങ് ഗാലക്‌സി എസ് 20 എഫ്ഇയുടെ വില നൽകണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയെങ്കിലും അദ്ദേഹത്തിനും 30000 രൂപമാത്രമാണ് ലഭിച്ചത്. മന്ത്രിമാർക്ക് ഔദ്യോഗികകാര്യങ്ങൾക്കായി മൊബൈൽ ഫോൺ വാങ്ങിക്കാൻ പരമാവധി 30,000 രൂപ അനുവദിക്കാം എന്ന ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്.

 

Comments: 0

Your email address will not be published. Required fields are marked with *