‘സ്ത്രീധനം കൊടുക്കരുത്, വാങ്ങരുത്’ ; ‘ആറാട്ടി’ലെ രംഗം പങ്കുവെച്ച് മോഹന്‍ലാല്‍

സ്ത്രീധനത്തിന്റെ പേരില്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങി ജീവന്‍ വെടിഞ്ഞ വിസ്മയയുടെ വാര്‍ത്ത പുറത്തെത്തിയപ്പോള്‍ മുതല്‍ തന്നെ ശക്തമായ പ്രതിഷേധം അലയടിക്കുകയാണ്. സോഷ്യല്‍ മീഡിയയിലും അതിശക്തമാണ് പ്രതിഷേധ തരംഗം. ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ സ്ത്രീധനത്തിനെതിരെ ശബ്ദം ഉയര്‍ത്തിക്കൊണ്ട് രംഗത്തെത്തുന്നു. ഇപ്പോഴിതാ മോഹന്‍ലാലും തന്റെ പ്രതിഷേധം അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്.

നെയ്യാറ്റിന്‍കര ഗോപനായി മോഹന്‍ലാല്‍ അവിസ്മരണീയ അഭിനയ മുഹൂര്‍ത്തങ്ങള്‍ കാഴ്ച്ചവെച്ച ‘ആറാട്ട്’ എന്ന സിനിമയിലെ ഒരു രംഗം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം സ്ത്രീധനത്തിനെതിരെയുള്ള പ്രചരണത്തിന്റെ ഭാഗമായിരിക്കുന്നത്. ‘സ്ത്രീധനം കൊടുക്കരുത്, വാങ്ങരുത്. സ്ത്രീക്ക് തുല്യത ഉറപ്പാക്കുന്ന നവകേരളം ഉണ്ടാവട്ടെ.’ എന്നാണ് താരത്തിന്റെ വാക്കുകള്‍.

പെണ്‍കുട്ടികളോട് വിവാഹമല്ല ഒരേയൊരു ലക്ഷ്യം എന്നും സ്വയം പര്യാപ്തരാവുകയാണ് വേണ്ടതെന്നും പറഞ്ഞു മനസ്സിലാക്കി നല്‍കുന്ന നെയ്യാറ്റിന്‍കര ഗോപനെ ഈ വീഡിയോയില്‍ കാണാം. തുല്യതയുള്ള രണ്ടുപേരുടെ പരസ്പര ബഹുമാനത്തിലും സ്‌നേഹത്തിലും നിലനില്‍ക്കുന്ന സഹവര്‍ത്തിത്വമാണ് വിവാഹം. അത് കണക്ക് പറയുന്ന കച്ചവടമല്ല എന്നും താരം പറയുന്നു.

ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത ‘ആറാട്ട്’ ഒക്ടോബറില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Comments: 0

Your email address will not be published. Required fields are marked with *