‘കുറ്റവാളികളെ സിപിഎം സംരക്ഷിക്കുന്നു; സാക്ഷര കേരളം ക്രിമിനലുകളുടെ നാടാകുന്നോ?’; ചോദ്യമെറിഞ്ഞ് മുല്ലപ്പള്ളി

ക്രിമിനലുകള്‍ക്ക് രാഷ്ട്രീയ അഭയം നല്‍കുന്നത് സിപിഐഎം തന്നെയെന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍. കൊടും കുറ്റവാളികളെ ആരാധിക്കുന്ന ഒരു തലമുറ സൈബറിടങ്ങളിൽ നിറഞ്ഞാടുകയാണ്. കേരളത്തിെലെ ക്രിമിനൽ വല്ക്കരണവും ക്രിമിനലുകൾക്കു രാഷ്ടീയ നേതൃത്വം നല്കുന്ന സംരക്ഷണവും പിന്തുണയുമാണ് ഈ ജീർണ്ണതയുടെ മൂല കാരണമെന്ന് അദ്ദേഹം ആരോപിച്ചു. ജാ​ഗ്രതയോടെ കണ്ടില്ലെങ്കിൽ കേരളം ക്രിമിനലുകളുടെ നാടെന്ന നിലയിലേക്ക് മാറുമെന്നും മുല്ലപ്പള്ളി ഓര്‍മ്മിപ്പിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.

മുല്ലപ്പള്ളി രാമചന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്:

സാക്ഷര കേരളം ക്രിമിനലുകളുടെ നാടാകുന്നോ ?

കേരളത്തിലുടനീളം ക്രിമിനലുകൾ തടിച്ചു കൊഴുക്കുകയാണ്.നഗരങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിച്ച ക്രിമിനൽ സംഘങ്ങളും കുറ്റവാളികളും ഗ്രാമങ്ങളിലും അനുദിനം പിടി മുറുക്കികൊണ്ടിരിക്കുന്നു. ജയിൽപ്പുള്ളികൾ ജയിലിൽ ഇരുന്നു കൊണ്ട് മാഫിയാ സംഘങ്ങളെ നിയന്ത്രിക്കുന്ന അത്ഭുത സംഭവങ്ങൾക്ക് കേരളം സാക്ഷിയാകുന്നു. ജയിലുകൾ കുറ്റവാളികൾക്ക് സുഖവാസ കേന്ദ്രങ്ങളായി.കൊടും കുറ്റവാളികളെ ആരാധിക്കുന്ന ഒരു തലമുറ സൈബറിടങ്ങളിൽ നിറഞ്ഞാടുകയാണ്.

ഉത്തര കേരളത്തിലെ കുപ്രസിദ്ധ കൊലയാളികൾക്ക് സാമൂഹ്യ മാധ്യമങ്ങളിൽ പതിനായിരങ്ങൾ നല്കുന്ന പിന്തുണ കേരളത്തെ ഞെട്ടിപ്പിച്ച വെളിപ്പെടുത്തലായി .കേരളത്തിെലെ ക്രിമിനൽ വല്ക്കരണവും ക്രിമിനലുകൾക്കു രാഷ്ടീയ നേതൃത്വം നല്കുന്ന സംരക്ഷണവും പിന്തുണയുമാണ് ഈ ജീർണ്ണതയുടെ മൂല കാരണം. കോളജ് ക്യാമ്പസ്സുകൾ കുപ്രസിദ്ധ കുറ്റവാളികളെ പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങളായി മാറിയിരിക്കുന്നുവെന്നത് തിരുവനന്തപുരത്തെ പ്രശസ്തമായ യൂണിവെഴ്സിറ്റി കൊളെജ് കേരളത്തിന് കാണിച്ചു കൊടുത്തിട്ടുണ്ട്.ഏതു് കുറ്റകൃത്യങ്ങളും നടത്താൻ മടിയില്ലാത്ത ക്രിമിനൽ കൂട്ടങ്ങൾക്ക് രാഷ്ടീയ അഭയം നല്കുന്നതിൽ സി. പി. എം. തന്നെയാണു മുൻപന്തിയിൽ .

കള്ളകടത്ത്, മയക്കുമരുന്നു കച്ചവടം, സ്ത്രീ പീഢനം ഇവ എല്ലാം നിത്യ സംഭവങ്ങളായി മാറി ഇരിക്കുന്നു.അവ തടയേണ്ട ഏജൻസികളും ഉദ്യോഗസ്ഥ വൃന്ദവുമെല്ലാം രാഷ്ട്രീയ സമ്മർദ്ദത്തിൽ നിസ്സഹായരായി നിൽക്കുന്നു.എല്ലാ കുറ്റകൃത്യങ്ങൾക്കും കുട ചൂടുന്ന പാർട്ടിയായി സി. പി. എം. മാറിയിരിക്കുന്നു.ആപൽക്കരമായ ദിശയിലേക്കാണ് സാക്ഷര കേരളം ദ്രുതഗതിയിൽ നീങ്ങി കൊണ്ടിരിക്കുന്നതു്. പൊതു സമൂഹവും രാഷ്ട്രീയ നേതൃത്വവും ഈ ജീർണ്ണതക്കെതിരെ ശക്തിയായി നിലപാട് എടുക്കുകയും നിതാന്ത ജാഗ്രത പാലിക്കുകയും ചെയ്തില്ലങ്കിൽ കേരളം ക്രിമിനളുകളുടെ നാടെന്ന നിലയിലേക്കു നിപതിക്കും. നാട് കടുത്ത വില കൊടുക്കേണ്ടി വരും.

Comments: 0

Your email address will not be published. Required fields are marked with *